കസാന്‍: ഇസ്രയേല്‍ ആക്രമണത്തെ അപലപിച്ച് ബ്രിക്‌സ്. ഇരുപക്ഷവും ബന്ദികളെ കൈമാറണമെന്ന് ആവശ്യപ്പെട്ടു. ബ്രിക്‌സ് ഉച്ചകോടിയിലെ ‘കസാന്‍ പ്രഖ്യാപന’ത്തില്‍ മധ്യപൂര്‍വദേശത്തെ സംഘര്‍ഷം പ്രാധാന്യത്തോടെ ഇടംപിടിച്ചു. സിറിയയിലെ ഇറാന്‍ കോണ്‍സുലേറ്റിനു നേര്‍ക്ക് ഇസ്രയേല്‍ ഏപ്രിലില്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിച്ചു.
ഗാസയില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ബ്രിക്‌സ് നേതാക്കള്‍. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമുണ്ടായ കൂട്ടക്കുരുതിയും ജനങ്ങള്‍ നേരിടുന്ന ദുരിതവും പ്രഖ്യാപനത്തില്‍ എടുത്തുപറയുന്നു. ഇസ്രയേലില്‍നിന്ന് സൈനികഭീഷണി നേരിടുന്ന ഇറാനും ബ്രിക്‌സ് കൂട്ടായ്മയുടെ ഭാഗമാണ്.
Also Read: ഐക്കണിക് മ്യൂസിക് സ്റ്റോര്‍ റിഥം ഹൗസ് സ്വന്തമാക്കി സോനം കപൂറും അനന്ദ് അഹൂജയും
യുദ്ധത്തിനല്ല, ചര്‍ച്ചയ്ക്കും നയതന്ത്രത്തിനുമാണ് ഇന്ത്യയുടെ പിന്തുണയെന്നു ബ്രിക്‌സ് ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. റഷ്യയുക്രെയ്ന്‍ ഏറ്റുമുട്ടലിനു ചര്‍ച്ചകളിലൂടെ പരിഹാരം കണ്ടെത്താനുള്ള ആഹ്വാനം കൂടിയായി മോദിയുടെ വാക്കുകള്‍. ബ്രിക്‌സിലേക്കു കൂടുതല്‍ രാജ്യങ്ങളെ സ്വാഗതം ചെയ്യാന്‍ ഇന്ത്യ ഒരുക്കമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഭീകരവാദത്തെ എതിരിടുന്ന കാര്യത്തില്‍ ഇരട്ടത്താപ്പു പാടില്ലെന്ന് മോദി തുറന്നടിച്ചു. ഭീകരപ്രവര്‍ത്തനത്തെയും അതിനുള്ള സാമ്പത്തികസഹായത്തെയും നേരിടണമെങ്കില്‍ എല്ലാവരുടെയും ഒറ്റമനസ്സോടെയുള്ള പിന്തുണ വേണമെന്നും പറഞ്ഞു.