മോസ്‌കോ: ബ്രിക്‌സ് ഉച്ചകോടിക്കായി ചൊവ്വാഴ്ചയാണ് റഷ്യയിലെ പൈതൃക നഗരമായ കസാനിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തിയത്. പിന്നാലെ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായി ഉഭയകക്ഷി ചര്‍ച്ചയും നടത്തിയിരുന്നു. യുക്രയ്‌നുമായുള്ള യുദ്ധം അവസാനിപ്പിക്കണമെന്നും സംഘര്‍ഷം ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും മോദി ആവശ്യപ്പെട്ടു. ഇന്ത്യയുമായി അടുത്ത ബന്ധമാണ് ഉള്ളതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാനുള്ള ചര്‍ച്ചകള്‍ നടത്തുമെന്നും പുടിന്‍ പറഞ്ഞു.
എന്നാൽ ഗൗരവമായ ചർച്ചക്കിടയിൽ ചില രസകരമായ നിമിഷങ്ങളുമുണ്ടായി. പുടിൻ പറഞ്ഞ വാക്കുകൾ കേട്ട് മോദി ചിരിക്കുകയും സരസമായി മറുപടി നൽകുകയും ചെയ്തു. നമ്മുടെ ബന്ധം ശക്തമാണെന്നാണ് ഞാന്‍ കരുതുന്നത്, പരിഭാഷയില്ലാതെ തന്നെ ഞാന്‍ പറയുന്നത് നിങ്ങള്‍ക്ക് മനസിലാക്കാന്‍ സാധിക്കുമെന്നാണ് പുടിൻ പറഞ്ഞത്. പുടിന്റെ വാക്കുകള്‍ കേട്ടയുടനെ മോദി ചിരിക്കുകയും ചെയ്തു.
Also Read: ഹിസ്ബുള്ള നേതാവ് ഹാഷിം സഫീദ്ദീൻ കൊല്ലപ്പെട്ടതായി ഇസ്രയേൽ
ചര്‍ച്ചയില്‍ പങ്കെടുത്ത മറ്റുള്ളവരേയും ഇത് ചിരിപ്പിച്ചു. കഴിഞ്ഞ മൂന്ന് മാസങ്ങളിലായുള്ള തന്റെ റഷ്യ സന്ദർശനം ഞങ്ങളുടെ ആഴത്തിലുള്ള സൗഹൃദവും പ്രതിഫലിപ്പിക്കുന്നുവെന്നും ജൂലൈയിൽ മോസ്കോയിൽ നടന്ന വാർഷിക ഉച്ചകോടി എല്ലാ മേഖലകളിലുമുള്ള ഞങ്ങളുടെ സഹകരണം ശക്തിപ്പെടുത്തിയെന്നും മോദി മറുപടി നൽകി. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടുകൂടിയാണ് മോദി റഷ്യയിലെ പൈതൃക നഗരമായ കസാനിലെത്തിയത്.
ഉഷ്മളമായ വരവേല്‍പ്പാണ് അദ്ദേഹത്തിന് റഷ്യ നല്‍കിയത്. റഷ്യയിലെ ഇന്ത്യന്‍ സമൂഹവും മോദിക്ക് വരവേല്‍പ്പ് നല്‍കി. ബുധനാഴ്ച ചൈനീസ് പ്രസിഡന്റ് ഷി ജിന്‍ പിങ്ങുമായി കൂടിക്കാഴ്ചയ്ക്ക് സാധ്യതയുണ്ട്. ബുധനാഴ്ചയാണ് 16-ാം ബ്രിക്‌സ് ഉച്ചകോടിയുടെ ഭാഗമായുള്ള ആദ്യ സമ്മേളനം നടക്കുന്നത്. ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളാണ് ബ്രിക്‌സിലുള്ളത്.