CMDRF

വിനേഷിന്റെ നഷ്ടത്തിൽ ബ്രിജ് ഭൂഷൺ ആഹ്ലാദിക്കുന്നു- ബജ്‌രംഗ് പുനിയ

മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ രൂക്ഷവിമർശനവുമായി ഗുസ്തി താരം

വിനേഷിന്റെ നഷ്ടത്തിൽ ബ്രിജ് ഭൂഷൺ ആഹ്ലാദിക്കുന്നു- ബജ്‌രംഗ് പുനിയ
വിനേഷിന്റെ നഷ്ടത്തിൽ ബ്രിജ് ഭൂഷൺ ആഹ്ലാദിക്കുന്നു- ബജ്‌രംഗ് പുനിയ

ന്യൂഡൽഹി: വിനേഷ് ഫോഗട്ടിനെതിരേ നടത്തിയ പരാമർശത്തിൽ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യൂ.എഫ്.ഐ.) മുൻ അധ്യക്ഷൻ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെതിരേ രൂക്ഷവിമർശനവുമായി ഗുസ്തി താരം ബജ്‌രംഗ് പുനിയ. ഒളിമ്പിക്‌സിൽ പങ്കെടുക്കാൻ വിനേഷ് തട്ടിപ്പ് കാണിച്ചുവെന്നും അതിന് ദൈവം കൊടുത്ത ശിക്ഷയാണ് മെഡൽ നഷ്ടം എന്നുമായിരുന്നു ബ്രിജ് ഭൂഷൺ പറഞ്ഞത്. ഇതിന് പിന്നാലെയാണ് രൂക്ഷഭാഷയിൽ വിമർശനവുമായി ബജ്‌രംഗ് എത്തിയത്.

ബ്രിജ്ഭൂഷണിന് രാജ്യത്തോടുള്ള മനോഭാവമാണ് വിനേഷിനെതിരായ പ്രസ്താവനയിലൂടെ വ്യക്തമായത്. അത് വിനേഷിന്റെ മെഡൽ ആയിരുന്നില്ല. അത് 140 കോടി ഇന്ത്യക്കാരുടെ മെഡൽ ആയിരുന്നു. അയാൾ, അവളുടെ നഷ്ടത്തിൽ ആഹ്ലാദിക്കുകയാണ്, ഇന്ത്യടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ ബജ്‌രംഗ് പുനിയ പ്രതികരിച്ചു. പാരീസ് ഒളിമ്പിക്‌സിലെ വിനേഷിന്റെ മെഡൽ നഷ്ടം ദേശീയദുഃഖമാണ്. എന്നാൽ ബി.ജെ.പിയുടെ ഐ.ടിയ സെൽ അവളെ അപഹസിച്ചും മോശക്കാരിയായി ചിത്രീകരിച്ചും പ്രചാരണം നടത്തിയെന്നും ബജ്‌രംഗ് ആരോപിച്ചു.

Also Read:വിനേഷ് ഫോഗട്ടിന്റെ കോൺഗ്രസ് സ്ഥാനാർത്ഥിത്വത്തിൽ പ്രതികരിച്ച്; ബ്രിജ് ഭൂഷൺ

വിനേഷിന്റെ അയോഗ്യത ആഘോഷിച്ചവർ ദേശഭക്തരാണോ എന്നും ബജ്‌രംഗ് പുനിയ ചോദിച്ചു. രാജ്യത്തിനുവേണ്ടി ചെറുപ്പംമുതൽ പോരാടുന്നവരാണ് ഞങ്ങൾ. എന്നിട്ട് അവർ ഞങ്ങളെ ദേശസ്‌നേഹം പഠിപ്പിക്കാൻ മുതിർന്നു. അവർ പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയാണ്, ബജ്‌രംഗ് ആരോപിച്ചു.

ബ്രിജ് ഭൂഷണിനെതിരായ ലൈംഗിക അതിക്രമ ആരോപണങ്ങളുടെയും പ്രതിഷേധ സമരത്തിന്റെയും കാലത്ത് വനിതാ ഗുസ്തിതാരങ്ങൾക്കൊപ്പം ഉറച്ചുനിന്ന താരമായിരുന്നു ബജ്‌രംഗ് പുനിയ. വെള്ളിയാഴ്ച വിനേഷിനൊപ്പം അദ്ദേഹവും കോൺഗ്രസ് പാർട്ടിയിൽ അംഗത്വം എടുത്തിരുന്നു.

Top