യഥാര്‍ത്ഥ യൂസര്‍മാരെയും എഐ കഥാപാത്രങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് ബട്ടര്‍ഫ്ളൈസ്

യഥാര്‍ത്ഥ യൂസര്‍മാരെയും എഐ കഥാപാത്രങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് ബട്ടര്‍ഫ്ളൈസ്
യഥാര്‍ത്ഥ യൂസര്‍മാരെയും എഐ കഥാപാത്രങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമിലെത്തിച്ച് ബട്ടര്‍ഫ്ളൈസ്

നിര്‍മിത ബുദ്ധി ഉപയോഗിച്ച് സ്വന്തം ക്യാരക്ടറിനെ സൃഷ്ടിച്ച് മറ്റു യൂസര്‍മാരുമായി ഇടപെടാന്‍ അവസരമൊരുക്കുന്ന ലോകത്തിലെ തന്നെ ആദ്യത്തെ സമൂഹ മാധ്യമം ഐഓഎസിലും ആന്‍ഡ്രോയിഡിലും ആഗോള തലത്തില്‍ എത്തി കഴിഞ്ഞിരിക്കുന്നു. ബട്ടര്‍ഫ്‌ളൈസ് എന്നാണ് ഈ സാമൂഹ്യമാധ്യമത്തിന്റെ പേര്.

ഇന്‍സ്റ്റഗ്രാമിന്റെ ഇന്റര്‍ഫെയ്സിനോട് സമാനതയുള്ളതിനാല്‍ പലര്‍ക്കും പരിചയത്തോടെ ഇടപെടലുകള്‍ നടത്താന്‍ സാധിച്ചേക്കുമെന്ന ധാരണയോടെയാണ് ഇത് പുറത്തിറക്കിയിരിക്കുന്നത്. ബട്ടര്‍ഫ്ളൈസിനു പിന്നില്‍ മുന്‍ സ്നാപ് എഞ്ചിനിയറിങ് മാനേജര്‍ വു ട്രാന്‍ ആണ്. ഇപ്പോള്‍ ബട്ടര്‍ഫ്‌ളൈസ് സമ്പൂര്‍ണമായും ഫ്രീയാണ്. ഇന്‍-ആപ് പര്‍ചെയ്സുകളും ഇതിലില്ല. പക്ഷെ ഇതൊരു തുടക്ക കാല ഓഫര്‍ മാത്രമായിരിക്കുമോ എന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വളരെ മുന്‍പരിചയം തോന്നിയേക്കാവുന്ന ഇന്റര്‍ഫെയ്സാണ് ബട്ടര്‍ഫ്‌ളൈസില്‍ കാണാന്‍ സാധിക്കുക എന്നതിനാല്‍ ധാരാളം പേര്‍ ഇത് പരീക്ഷിക്കുമെന്നു തന്നെയാണ് വിലയിരുത്തല്‍. ഹോം, സേര്‍ച്, ഡിഎംസ്, പ്രൊഫൈല്‍ തുടങ്ങിയവയെല്ലാം സ്‌ക്രീനിന്റെ ഏറ്റവും താഴെയായി നല്‍കിയിരിക്കുന്നു. അക്കൗണ്ട് എടുക്കുന്ന സമയത്തു തന്നെ സ്വന്തം ബട്ടര്‍ഫ്ളൈയെ എങ്ങനെ സൃഷ്ട്ടിക്കണം എന്നതിനെക്കുറിച്ചും പറഞ്ഞു തരുന്നു. യാഥാര്‍ത്ഥ്യ ബോധത്തോടെയുള്ളതോ വരച്ചതോ ആയുള്ള സ്റ്റൈല്‍ തിരഞ്ഞെടുക്കാം. വിവരണം നല്‍കിയാല്‍ മതി. സ്വന്തം ക്യാരക്ടറിന് ഒരു പേരുമിടാം. ഏതു തരം സ്വഭാവ സവിശേഷതകള്‍ ഉള്ള ക്യാരക്ടറാണ് വേണ്ടതെന്നും തിരഞ്ഞെടുക്കാം. ക്യാരക്ടറിന് ഒരു പശ്ചാത്തലവും കുറിക്കാം.

പ്രൊഫൈല്‍ പടവും തിരഞ്ഞെടുക്കാം. ഇതിനെയെല്ലാം ആസ്പദമാക്കി ആയിരിക്കും ഒരാളുടെ ബട്ടര്‍ഫ്ളൈ സൃഷ്ടിക്കപ്പെടുക. ഈ ബട്ടര്‍ഫ്‌ളൈക്ക് ചിത്രങ്ങള്‍ പോസ്റ്റ് ചെയ്യാനാകും. അവയ്ക്ക് അടിക്കുറിപ്പുകള്‍ എഴുതാനാകും. മറ്റ് ഉപയോക്താക്കളുടെയും എഐ ക്യാരക്ടറുകളുടെയും പോസ്റ്റുകള്‍ ലൈക് ചെയ്യാനും, അവയ്ക്ക് കമന്റുകള്‍ ഇടാനുമാകും. യഥാര്‍ത്ഥ ഉപയോക്താക്കളുടെ സന്ദേശങ്ങള്‍ക്ക് മറുപടിയിടാനും സാധിക്കും. എഐ കഥാപാത്രങ്ങളും, യഥാര്‍ത്ഥ ഉപയോക്താക്കളും സഹവസിക്കുന്ന ഒരു ഇടമായാണ് ബട്ടര്‍ഫ്‌ളൈസ് വിഭാവന ചെയ്തിരിക്കുന്നത്, ഇരു കുട്ടര്‍ക്കും പരസ്പരം ഇടപെടാം. ഓരോ കൂട്ടരുടെയും പുതിയ ഇടപെടലുകള്‍ നിരീക്ഷിക്കാനും അതിനോട് പ്രതികരിക്കാനും സാധിക്കും. ഒരു യുസര്‍ക്ക് എത്ര എഐ കഥാപാത്രങ്ങളെ വേണമെങ്കിലും സൃഷ്ടിക്കാം എന്ന കാര്യത്തില്‍ നിലവില്‍ പരിമിതികളില്ല. യഥാര്‍ത്ഥ ഉപയോക്താക്കളെയും, എഐ കഥാപാത്രങ്ങളെയും തിരിച്ചറിയാനായി ഒരോ ബട്ടര്‍ഫ്ളൈയുടെയും പ്രൊഫൈലില്‍ ആരാണ് അതിനെ സൃഷ്ടിച്ചത് എന്നറിയിക്കുന്ന ഒരു ടാഗും ഉണ്ടായിരിക്കും. ഓരോ യൂസറുടെയും പ്രൊഫൈലില്‍ അയാള്‍ സൃഷ്ട്ടിച്ച എല്ലാ എഐ ക്യാരക്ടറുകളെ കാണുകയും ചെയ്യാം. സമൂഹമാധ്യമ രംഗത്ത് എഐ ക്യാരക്ടേഴ്സിനെ അവതരിപ്പിക്കുന്ന ആദ്യ പ്ലാറ്റ്‌ഫോം അല്ല ബട്ടര്‍ഫ്‌ളൈസ്. എന്നാല്‍, യഥാര്‍ത്ഥ യൂസര്‍മാരെയും, എഐ കഥാപാത്രങ്ങളെയും ഒരേ പ്ലാറ്റ്‌ഫോമില്‍ എത്തിച്ച ആദ്യ പ്ലാറ്റ്‌ഫോം ആയിരിക്കാമിത് എന്നാണ് ഇപ്പോള്‍ കരുതുന്നത്.

Top