ലണ്ടന്‍: ഇറാനെതിരെ പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തി ബ്രിട്ടന്‍. യുക്രെയിനെതിരെയുള്ള യുദ്ധത്തില്‍ ഉപയോഗിക്കാന്‍ റഷ്യയ്ക്ക് ടെഹ്റാന്‍ ഡ്രോണുകളും ബാലിസ്റ്റിക് മിസൈലുകളുംകൈമാറിയതിനാണ് ഇറാനെതിരെ യുകെയുടെ നടപടി. ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന്‍ എന്നീ രാജ്യങ്ങള്‍ സെപ്റ്റംബറില്‍ ഇറാനെതിരെ ഏര്‍പ്പെടുത്തിയ ഉപരോധത്തിന്റെ തുടര്‍ച്ചയാണ് പുതിയ ഉപരോധം.
ആയുധങ്ങള്‍ കൈമാറാന്‍ സഹായിച്ച ഇറാന്റെ ദേശീയ വിമാനക്കമ്പനിയുടെയും സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഷിപ്പിങ് കമ്പനിയുടെയും ആസ്തികള്‍ മരവിപ്പിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇറാനില്‍ നിന്ന് മിസൈലുകള്‍ എത്തിച്ച പോര്‍ട്ട് ഒല്യ 3 എന്ന റഷ്യന്‍ ചരക്കു കപ്പലിനെതിരെയും ഉപരോധം ഏര്‍പ്പെടുത്തും. യുക്രെയ്ന്‍ റഷ്യ യുദ്ധം ആരംഭിച്ചതിന്റെ 1000 ദിവസം പിന്നിടുന്ന വേളയിലാണ് ബ്രിട്ടന്റെ പ്രഖ്യാപനം.
Also Read:ചരിത്രം കുറിച്ച് ഐ.എസ്.ആര്‍.ഒ; ജിസാറ്റ്-20 വിജയകരമായി വിക്ഷേപിച്ചു
‘ആഗോള സുരക്ഷയെ ദുര്‍ബലപ്പെടുത്താനുള്ള ഇറാന്റെ ശ്രമങ്ങള്‍ അപകടകരവും അസ്വീകാര്യവുമാണ്. ഇറാനില്‍ നിന്ന് റഷ്യയിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ കൈമാറിയാല്‍ ശക്തമായ നടപടി സ്വീകരിക്കാന്‍ മറ്റു രാജ്യന്തര സഖ്യകക്ഷികള്‍ക്കൊപ്പം ബ്രിട്ടനും നിലപാട് സ്വീകരിച്ചിരുന്നു’ ഉപരോധം സംബന്ധിച്ച് യുഎന്‍ രക്ഷാസമിതിയില്‍ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി ബ്രിട്ടന്‍ വിദേശകാര്യമന്ത്രി ഡേവിഡ് ലാമി പ്രസ്താവനയില്‍ പറഞ്ഞു.
യുഎസ് നല്‍കിയ ആയുധങ്ങള്‍ ഉപയോഗിച്ച് റഷ്യയില്‍ ദീര്‍ഘദൂര ആക്രമണങ്ങള്‍ നടത്തുന്നതില്‍ യുക്രെയ്‌നിനു മേല്‍ ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ നീക്കിയതിനു പിന്നാലെയാണ് റഷ്യയെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്ന ബ്രിട്ടന്റെ നടപടി.