ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍

ബ്രിട്ടണും മൗറീഷ്യസും തമ്മിലുണ്ടാക്കിയ ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു.

ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍
ചാഗോസ് ദ്വീപിൻ്റെ പരമാധികാരം മൗറീഷ്യസിന് വിട്ടുകൊടുത്ത് ബ്രിട്ടണ്‍

ലണ്ടന്‍: ഷാഗോസ് ദ്വീപസമൂഹത്തിന്റെ പരമാധികാരം മൗറീഷ്യസിന് കൈമാറുമെന്ന പ്രഖ്യാപനവുമായി ബ്രിട്ടണ്‍. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നാടുവിട്ട ആളുകള്‍ക്ക് നാട്ടിലേക്ക് മടങ്ങാന്‍ അവസരം ഒരുക്കുന്ന കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ദീർഘകാലമായി നിലനിൽക്കുന്ന തർക്കത്തിന് പരിഹാരമായ തീരുമാനത്തെ ഇന്ത്യ സ്വാ​ഗതം ചെയ്തു. ചാഗോസ് ദ്വീപുകളുടെ മേലുള്ള മൗറീഷ്യസിൻ്റെ പരമാധികാര അവകാശവാദത്തെ ഇന്ത്യ സ്ഥിരമായി പിന്തുണച്ചിരുന്നു.

അതേസമയം ഡീഗോ ഗാര്‍ഷ്യയിലെ പ്രധാനപ്പെട്ട യുകെ-യുഎസ് സൈനിക താവളത്തിന്റെ ഉപയോഗം ലണ്ടൻ തന്നെ നിലനിര്‍ത്തി. പ്രശ്നപരിഹാരത്തിന് സമാധാനപരമായ തീരുമാനങ്ങളെടുക്കുന്നതിനുള്ള തങ്ങളുടെ പ്രതിബന്ധതയാണ് ഇതിലൂടെ വ്യക്തമാകുന്നതെന്നും ബ്രിട്ടണും മൗറീഷ്യസും സംയുക്തമായി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

1814 മുതൽ ബ്രിട്ടൻ ഈ പ്രദേശത്തെ നിയന്ത്രിക്കുകയും 1965 ൽ ബ്രിട്ടീഷ് ഇന്ത്യൻ മഹാസമുദ്ര പ്രദേശം (BIOT) സൃഷ്ടിക്കുന്നതിനായി ചാഗോസ് ദ്വീപസമൂഹത്തെ അതിൻ്റെ മുൻ കോളനിയായ മൗറീഷ്യസിൽ നിന്ന് വേർപെടുത്തുകയും ചെയ്തു. 1966-ൽ, ഈ ദ്വീപസമൂഹത്തിലെ ഏറ്റവും വലിയ ദ്വീപായ ഡീഗോ ഗാർഷ്യ യു.എസിന് പാട്ടത്തിന് നൽകിയിരുന്നു. തന്ത്രപ്രധാനമായ ഡീഗോ ഗാര്‍ഷ്യ ദ്വീപിലെ സൈനിക താവളമുള്ളതിനാല്‍ പ്രദേശം വിട്ട് നൽകാൻ ബ്രിട്ടൻ തയ്യാറാകാതിരുന്നതാണ്. ബ്രിട്ടണും യുഎസും സംയുക്തമായാണ് ഈ സൈനിക താവളം നടത്തുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലെയും ഗള്‍ഫ് മേഖലയിലെയും അമേരിക്കയുടെ സൈനിക നീക്കങ്ങള്‍ക്ക് നിര്‍ണ്ണായകമാണ് ഈ സൈനിക താവളം.

Also Read: അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ അക്രമണം; 18 പേർ കൊല്ല​പ്പെട്ടു

ബ്രിട്ടണും മൗറീഷ്യസും തമ്മിലുണ്ടാക്കിയ ഉടമ്പടിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ അഭിനന്ദിച്ചു. സൈനിക താവളത്തിന്റെ പ്രവര്‍ത്തനം തുടരുന്നത് ആഭ്യന്തര-അന്തര്‍ദേശീയ സുരക്ഷയ്ക്ക് ഏറെ പ്രധാനമാണെന്നും വൈറ്റ്ഹൗസ് പുറത്തിറക്കിയ പ്രസ്താവനയില്‍ ബൈഡന്‍ വ്യക്തമാക്കി. അമേരിക്കയുടെ അഫ്ഗാനിസ്ഥാന്‍, ഇറാഖ് യുദ്ധത്തില്‍ ഡീഗോ ഗാര്‍ഷ്യ സൈനിക താവളം നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്.

Top