CMDRF

ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…

വെടിനിര്‍ത്തല്‍ കരാറില്‍ ഒത്തുതീര്‍പ്പ് ആകാത്തതിലും, ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹുവും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിലും രോഷാകുലരാണ് ഇസ്രയേലിലെ ജനങ്ങള്‍

ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…
ഒടുവില്‍ ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടു…

ഗാസയില്‍ വംശഹത്യ തുടരുന്ന ഇസ്രയേലിന്റെ അതിരുകടക്കുന്ന നടപടികള്‍ ദിവസം കഴിയുന്തോറും ഇസ്രയേലിനു തന്നെ വിനയായിക്കൊണ്ടിരിക്കുകയാണ്. അമേരിക്കയുടെ കുതന്ത്രത്തില്‍ ഇസ്രയേല്‍ മെനയുന്ന പല പദ്ധതികളും അനിയന്ത്രിതമാകുമ്പോള്‍ കൂടെ നിന്നിരുന്ന പല രാഷ്ട്രങ്ങളും പിന്തിരിയല്‍ നടപടികള്‍ പ്രകടിപ്പിച്ചു തുടങ്ങി. ഇപ്പോഴിതാ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി ലൈസന്‍സുകള്‍ സസ്‌പെന്‍ഡ് ചെയ്ത് ബ്രിട്ടനും ഇസ്രയേലിനെ കൈവിട്ടിരിക്കുകയാണ്. ഇസ്രയേലിലേക്കുള്ള 350 ആയുധ കയറ്റുമതി ലൈസന്‍സുകളില്‍ 30 എണ്ണം സസ്പന്‍ഡ് ചെയ്യാനാണ് തീരുമാനം. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളില്‍ കടുത്ത ലംഘനങ്ങള്‍ ഇസ്രയേല്‍ നടത്തിയെന്നാണ് ബ്രിട്ടന്‍ വിദേശകാര്യ മന്ത്രി ഡേവിഡ് ലാമ്മി നല്‍കിയ വിശദീകരണം.

ഇസ്രയേലിന് സുരക്ഷയ്ക്കായി സ്വയം പ്രതിരോധിക്കാനാണ് ബ്രിട്ടന്‍ ആയുധം നല്‍കി സഹായിച്ചത്. എന്നാല്‍ സ്വയം രക്ഷയല്ല, വംശഹത്യയാണ് ഇസ്രയേലിന്റെ ലക്ഷ്യമെന്ന തിരിച്ചറിവാകാം ബ്രിട്ടന്റെ തീരുമാനത്തിന് പിന്നില്‍. ഇസ്രയേലിന്റെ നീചമായ നടപടികളിലും, ഇസ്രയേല്‍ അവലംബിക്കുന്ന രീതികളെ കുറിച്ചും ബ്രിട്ടനുള്‍പ്പെടെയുള്ള പല രാജ്യങ്ങളും ആശങ്ക പ്രകടിപ്പിച്ചിരുന്നു. അതിരുകടക്കുന്ന ഇസ്രയേലിന്റെ ആത്മവിശ്വാസത്തില്‍ വീഴുന്നത് ഇത്തരത്തിലുള്ള വിള്ളലുകള്‍ തന്നെയാണ്.

അമേരിക്കയുടെ ഇസ്രയേല്‍ അനുകൂല നിലപാടുകളെ പിന്തുണച്ചിരുന്ന ബ്രിട്ടണ്‍ അടുത്തിടെയായി എടുക്കുന്ന മനോഭാവം അതിനെതിരാണെന്ന് വേണം കരുതാന്‍. നേരത്തെ ഗാസയിലെ അക്രമങ്ങളുടെ പേരില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കാനുള്ള അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ നടപടികളില്‍ ഇടപെടേണ്ടെന്ന തീരുമാനം യുകെയുടെ പിന്മാറ്റത്തിന്റെ സൂചനകളായി വേണം കരുതാന്‍. നേരത്തെ വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി, പലസ്തീനികളെ സഹായിക്കുന്ന യുഎന്‍ ദുരിതാശ്വാസ ഏജന്‍സിയായ യുഎന്‍ആര്‍ഡബ്ല്യുഎയ്ക്ക് ധനസഹായം പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചതും ഈ വ്യതിചലനത്തിന്റെ ഭാഗമായിരുന്നു. കുറെയായി തുടര്‍ന്ന് വരുന്ന ആലോചനയാണ് ഇസ്രയേലുമായുള്ള ആയുധക്കച്ചവടം തുടരണമോ വേണ്ടയോ എന്നത്. എന്നാല്‍ ഇസ്രയേലിന്റെ അതിരുകടന്നുള്ള പ്രവര്‍ത്തികള്‍ അതിനൊരു തീരുമാനം കുറിച്ചിരിക്കുകയാണ് നിലവില്‍.

സ്വന്തം രാജ്യത്ത് തന്നെ നിലതെറ്റിയ അവസ്ഥയാണ് നെതന്യാഹുവിന് ഇപ്പോള്‍ നേരിടേണ്ടി വരുന്നത്. വെടിനിര്‍ത്തല്‍ കരാറില്‍ ഒത്തുതീര്‍പ്പ് ആകാത്തതിലും, ബന്ദികളെ മോചിപ്പിക്കാന്‍ നെതന്യാഹുവും സര്‍ക്കാരും ഉണര്‍ന്ന് പ്രവര്‍ത്തിക്കാത്തതിലും രോഷാകുലരാണ് ഇസ്രയേലിലെ ജനങ്ങള്‍. ടെല്‍ അവീവിലും ജറുസലേമിലും മറ്റ് നഗരങ്ങളിലുമായി ആയിരക്കണക്കിന് ആളുകളാണ് പ്രതിഷേധവുമായി സര്‍ക്കാരിനെതിരെ തെരുവിലിറങ്ങിയത്. സമാധാനവരമ്പുകള്‍ പൊട്ടിച്ച് സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുന്ന പ്രതിഷേധക്കാരുടെ മുറവിളികളിലും നെതന്യാഹുവിന്റെ കസേരയ്ക്ക് യാതൊരു ചലനവും സംഭവിച്ചിട്ടില്ല. രാജ്യത്തെ ഏറ്റവും വലിയ ട്രേഡ് യൂണിയനായ ഹിസ്ട്രഡിന്റെ നേതൃത്വത്തില്‍ രാജ്യവ്യാപക പൊതുപണിമുടക്ക് ആരംഭിച്ചതോടെ സംഘര്‍ഷാവസ്ഥയുടെ ഗൗരവം ഏറുകയാണ്.

നെതന്യാഹുവിന്റെ കടുംപിടുത്തത്തില്‍ നീട്ടിക്കൊണ്ടുപോകുന്ന വെടിനിര്‍ത്തല്‍ കരാറിന്റെ പശ്ചാത്തലത്തില്‍ ഇല്ലാതാകുന്നത് സ്വന്തം രാജ്യത്തെ പൗരന്‍മാരാണെന്നതൊന്നും നെതന്യാഹുവിനെ ബാധിക്കുന്നില്ലെന്ന് വേണം കരുതാന്‍. സ്വന്തം രാജ്യത്തെ പൗരന്‍മാരെ രക്ഷിക്കുന്നതില്‍ പരാജയപ്പെട്ട നെതന്യാഹുവിന് നേരെ പ്രതിഷേധത്തിന്റെ അഗ്‌നി കൊളുത്തിയിരിക്കുകയാണ് അവിടുത്തെ ജനങ്ങള്‍.

വിമാനത്താവളങ്ങളെയും, ബാങ്കുകളെയും, മുന്‍നിര ടെക് കമ്പനികളെയും, നിരവധി സര്‍ക്കാര്‍, മുനിസിപ്പല്‍ ഓഫീസുകളെയും അടക്കം രാജ്യത്തെ പല മേഖലയെയും പ്രതിഷേധം ബാധിച്ചു. അധ്യാപകരും പണിമുടക്കില്‍ സജീവമായതോടെ സ്‌കൂളുകളുടെ പ്രവര്‍ത്തനവും താറുമാറായി. തൊഴിലാളികള്‍ പണിമുടക്കിയതോടെ ട്രെയിന്‍ ഗതാഗതവും താളംതെറ്റി. നെതന്യാഹു സര്‍ക്കാറിനെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കിയ പ്രതിഷേധക്കാരെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതോടെ പൊലിസും സമരക്കാരും തമ്മില്‍ ഏറ്റുമുട്ടലുകളുണ്ടായി. സ്വന്തം ജനങ്ങളെ പോലും അടിച്ചമര്‍ത്തി അപകര്‍ഷത മറയ്ക്കാന്‍ ശ്രമിക്കുന്ന നെതന്യാഹു ഭരണകൂടം രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളിവിടുന്ന കാഴ്ചയ്ക്കാണ് ഇപ്പോള്‍ സാക്ഷ്യംവഹിക്കുന്നത്. രാജ്യത്താകമാനം പടര്‍ന്നുപിടിച്ച പ്രതിഷേധത്തില്‍ മൗനമാചരിക്കുന്ന നെതന്യാഹു വിശദീകരണം നല്‍കുന്നത് വരെ ജനരോഷം അടങ്ങാന്‍ സാധ്യതയില്ല.

REPORT: ANURANJANA KRISHNA

Top