ആരോപണത്തില്‍പ്പെട്ട് ബുക്ക് മൈ ഷോ

കോൾഡ്‌പ്ലേ ഷോ ടിക്കറ്റിന്റെ ബ്ലാക്ക് മാർക്കറ്റ് കച്ചവടത്തിന് വഴിയൊരുക്കിയെന്നാണ് ആരോപണം

ആരോപണത്തില്‍പ്പെട്ട് ബുക്ക് മൈ ഷോ
ആരോപണത്തില്‍പ്പെട്ട് ബുക്ക് മൈ ഷോ

മുംബൈ: ബ്രിട്ടീഷ് റോക്ക് ബാൻഡ് കോൾഡ്‌പ്ലേയുടെ ഷോ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റില്‍ വിറ്റുവെന്ന് ആരോപണം. സംഭവത്തിൽ ബുക്ക്‌ മൈ ഷോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറും സഹസ്ഥാപകനുമായ ആശിഷ് ഹേംരാജനിയെയും കമ്പനിയുടെ ടെക്‌നിക്കൽ ഹെഡിനെയും മുംബൈ പോലീസ് ചോദ്യം ചെയ്യും.

ജനുവരിയില്‍ നവി മുംബൈ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന കോൾഡ്‌പ്ലേ ഷോയുടെ ടിക്കറ്റ് ബ്ലാക്ക് മാർക്കറ്റ് കച്ചവടത്തിന് ബുക്ക് മൈ ഷോ വഴിയൊരുക്കിയെന്ന ആരോപണത്തിൽ മുംബൈ പോലീസിന്‍റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അന്വേഷണം ആരംഭിച്ചിരുന്നു. 2025 ജനുവരി 19 നും 21 നുമാണ് കോൾഡ്‌പ്ലേയുടെ ഷോ നടക്കുന്നത്.

ALSO READ: ബോക്സ് ഓഫീസിൽ തങ്കലാന് നേട്ടമുണ്ടാക്കാനായില്ലെന്ന് റിപ്പോർട്ടുകൾ

ഹേമരാജനിയോടും ബുക്ക്‌മൈഷോയുടെ ടെക്നിക്കല്‍ മേധാവിയോടും ശനിയാഴ്ച അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജറാകുവാന്‍ നിര്‍ദേശിച്ചുവെന്നാണ് റിപ്പോർട്ട്. 2,500 രൂപയുണ്ടായിരുന്ന കോൾഡ്‌പ്ലേയുടെ ഇന്ത്യ ടൂർ ടിക്കറ്റുകൾ ബുക്ക് മൈ ഷോയില്‍ വില്‍പ്പനയ്ക്ക് എത്തി നിമിഷങ്ങള്‍ക്കകം വിറ്റുപോയിരുന്നു. എന്നാല്‍ ഈ ടിക്കറ്റുകള്‍ പിന്നീട് 3 ലക്ഷം രൂപയ്ക്ക് കരിഞ്ചന്തയില്‍ വില്‍പ്പനയ്ക്ക് എത്തിയത് ചൂണ്ടിക്കാട്ടിയാണ് അഭിഭാഷകനായ അമിത് വ്യാസ് പോലീസിൽ പരാതി നൽകിയത്. ടിക്കറ്റിന്‍റെ കരിഞ്ചന്ത വില്‍പ്പന നടത്തിയ നിരവധി ബ്രോക്കർമാരെ തിരിച്ചറിഞ്ഞിട്ടുണ്ട് എന്നാണ് വിവരം.

അനധികൃത സ്രോതസ്സുകളിൽ നിന്ന് വാങ്ങുന്ന ടിക്കറ്റുകൾ വ്യാജമാകാൻ സാധ്യതയുണ്ടെന്ന് കമ്പനി പ്രതികരിച്ചു . പോലീസ് അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

Top