ലണ്ടൻ: പോർച്ചുഗീസ് ഫുട്ബോൾ താരം ബ്രൂണോ ഫെർണാണ്ടസ് ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ യുണൈറ്റഡിൽ തുടരും. 2027 ജൂൺ വരെയാണ് താരത്തിന്റെ പുതിയ കരാർ. 2020 ജനുവരിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ എത്തിയപ്പോൾ മുതൽ ഇംഗ്ലീഷ് ക്ലബിന്റെ പ്രധാന താരങ്ങളിൽ ഒരാളാണ് ബ്രൂണോ. 234 മത്സരങ്ങൾ ഇതുവരെ റെഡ് ഡെവിൾസിനായി കളിച്ച ബ്രൂണോ 79 ഗോളുകൾ നേടിയിട്ടുണ്ട്.
മാഞ്ചസ്റ്റർ യുണൈറ്റഡുമായുള്ള തന്റെ ബന്ധത്തെപ്പറ്റി എല്ലാവർക്കും അറിയാവുന്നതാണെന്ന് കരാർ പുതുക്കലിന് പിന്നാലെ ബ്രൂണോ ഫെർണാണ്ടസ് പ്രതികരിച്ചു. ഈ ജഴ്സി ധരിക്കുന്നതിന്റെ ഉത്തരവാദിത്തവും ഗൗരവവും തനിക്ക് അറിയാം. മാഞ്ചസ്റ്റർ യുണൈറ്റഡിനോടുള്ള തന്റെ പ്രതിബദ്ധത ഏറ്റവും മികച്ച രീതിയിലാവുമെന്നും ബ്രൂണോ വ്യക്തമാക്കി.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് കഴിഞ്ഞത്. എന്നാൽ ഇംഗ്ലീഷ് എഫ് എ കപ്പ് സ്വന്തമാക്കി ശക്തമായ തിരിച്ചുവരവ് നടത്തി. ഇംഗ്ലീഷ് പ്രീമിയർ ലീഗിന്റെ പുതിയ സീസൺ തുടങ്ങാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ ഇത്തവണ ശക്തമായ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ് മാഞ്ചസ്റ്റർ യുണൈറ്റഡ്.