ഇന്ത്യന്‍ ലോഞ്ച് തീയതി പുറത്തുവിട്ട് BSA ഗോള്‍ഡ് സ്റ്റാര്‍ 650. കോണ്ടിനെന്റല്‍ GT, ഇന്റര്‍സെപ്റ്റര്‍ എന്നീ 650 ട്വിന്‍ മോഡലുകളിലൂടെ സെഗ്മെന്റ് ഭരിക്കുന്നത് റോയല്‍ എന്‍ഫീല്‍ഡാണ്. താങ്ങാനാവുന്ന വില കാരണമാണ് ഇരട്ടകള്‍ ഈ വിഭാഗത്തില്‍ ആധിപത്യം സ്ഥാപിച്ചത്. ഇന്ത്യയില്‍ മാത്രമല്ല വിദേശത്തും ഈ മോഡലുകള്‍ക്ക് മികച്ച വില്‍പ്പനയാണ്. എന്നാല്‍ ഇപ്പോള്‍ BSA ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്ത്യയില്‍ അവതരിപ്പിച്ച് സെഗ്മെന്റിന് ഒരു എതിരാളിയായി എത്താന്‍പോവുകയാണ് ക്ലാസിക് ലെജന്‍ഡ്സ്. ഇതിനകം യുകെയില്‍ ലോഞ്ച് ചെയ്ത ബൈക്ക് ഇന്ത്യയില്‍ പരീക്ഷണം നടത്തി വരികയായിരുന്നു. ഓഗസ്റ്റ് 15നാണ് BSA ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്ത്യയില്‍ അവതരിപ്പിക്കാന്‍ പോകുന്നത്. ഇത് BSA ബ്രാന്‍ഡിന്റെ ഇന്ത്യയിലെ ലോഞ്ച് അടയാളപ്പെടുത്തും. നേരത്തെ ലോഞ്ചിന് സൂചന നല്‍കി BSA ഗോള്‍ഡ് സ്റ്റാര്‍ 650 ന്റെ ടെസ്റ്റ് മ്യൂളുകള്‍ ഇന്ത്യന്‍ നിരത്തുകളില്‍ മറയില്ലാതെ കാണപ്പെട്ടിരുന്നു. വരാനിരിക്കുന്ന ഗോള്‍ഡ് സ്റ്റാര്‍ 50-കളിലെയും 60-കളിലെയും ഒറിജിനല്‍ BSA ഗോള്‍ഡ് സ്റ്റാറില്‍ നിന്ന് ഡിസൈന്‍ പ്രചോദനം ഉള്‍ക്കൊള്ളുന്നു. വൃത്താകൃതിയിലുള്ള ഹെഡ്‌ലാമ്പ്, ക്ലാസിക് ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള ഫ്യുവല്‍ ടാങ്ക്, ഫ്ലാറ്റ് സീറ്റ് ഡിസൈന്‍, നീളമുള്ള എക്‌സ്‌ഹോസ്റ്റ് പൈപ്പ്, വിശാലമായ റിയര്‍ ഫെന്‍ഡര്‍ തുടങ്ങിയ ഘടകങ്ങളുള്ള ഒരു റെട്രോ ഡിസൈനാണ് ഇതിന്റെ സവിശേഷത.
ഈ മോട്ടോര്‍സൈക്കിളിന്റെ ചില വേരിയന്റുകളില്‍ ക്രോം എലമെന്റ് ഉണ്ട്. ഹെഡ്‌ലാമ്പ്, ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, റിയര്‍വ്യൂ മിററുകള്‍, ഇന്ധന ടാങ്ക്, എഞ്ചിന്‍, എക്‌സ്‌ഹോസ്റ്റ് എന്നിവയില്‍ ക്രോം ആക്‌സന്റുകള്‍ കാണാം. യുകെയില്‍ BSA ഗോള്‍ഡ് സ്റ്റാര്‍ 650 ഇന്‍സിഗ്നിയ റെഡ്, ഹൈലാന്‍ഡ് ഗ്രീന്‍, മിഡ്‌നൈറ്റ് ബ്ലാക്ക്, ഡോണ്‍ സില്‍വര്‍, സില്‍വര്‍ ഷീന്‍ നിറങ്ങളില്‍ ലഭ്യമാണ്. സെന്‍ട്രലി മൗണ്ടഡ് ഫുട്‌പെഗുകളും എര്‍ഗണോമിക് ആയി ഘടിപ്പിച്ച ഹാന്‍ഡില്‍ബാറും സുഖപ്രദമായ യാത്ര വാഗ്ദാനം ചെയ്യും. 1,425 mm വീല്‍ബേസും 780 mm സീറ്റ് ഉയരവുമാണ് ബൈക്കിനുള്ളത്. BSA ഗോള്‍ഡ് സ്റ്റാര്‍ 650 യുടെ സെമി-ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് കണ്‍സോളില്‍ അനലോഗ് സ്പീഡോമീറ്ററും ടാക്കോമീറ്ററും ചേര്‍ന്ന് എല്‍സിഡി ഡിസ്പ്ലേ ഉള്‍പ്പെടുന്നു. ഓഫ്‌സെറ്റ് ഫ്യൂവല്‍ ഫില്ലര്‍ ക്യാപ്പും ഫ്യുവല്‍ ടാങ്കിലെ കോണ്‍ട്രാസ്റ്റിംഗ് പിന്‍സ്‌ട്രൈപ്പും അതിന്റെ ടോപ്പ് ലുക്ക് വര്‍ധിപ്പിക്കുന്നു. 45 bhp പവറും 55 Nm പീക്ക് ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കാന്‍ ശേഷിയുള്ള 652 സിസി ലിക്വിഡ് കൂള്‍ഡ് DOHC മോട്ടോറാണ് BSA ഗോള്‍ഡ് സ്റ്റാറിന് കരുത്തേകുന്നത്.
എഞ്ചിന്‍ 5 സ്പീഡ് ഗിയര്‍ബോക്സുമായി ജോടിയാക്കുന്നു. BSA ഗോള്‍ഡ് സ്റ്റാര്‍ 650 മോട്ടോര്‍സൈക്കിളിന്റെ മുന്‍വശത്ത് ടെലിസ്‌കോപിക് ഫോര്‍ക്കുകളും പിന്നില്‍ ക്രമീകരിക്കാവുന്ന പ്രീലോഡ് ഉള്ള ഇരട്ട ഷോക്ക് അബ്‌സോര്‍ബറുകളും ഉള്‍പ്പെടുന്നു. ബ്രെംബോ കാലിപ്പറുകളുള്ള 320 mm ഫ്രണ്ട്, 255 mm റിയര്‍ ഡിസ്‌കുകളാണ് ബ്രേക്കിംഗ് ഡ്യൂട്ടി നിര്‍വഹിക്കുന്നത്. ഡ്യുവല്‍-ചാനല്‍ എബിഎസ് സ്റ്റാന്‍ഡേര്‍ഡ് ആണ്. ഇന്ത്യയില്‍ ബൈക്കിന്റെ എക്സ് ഷോറൂം വില ഏകദേശം 3 ലക്ഷം രൂപ മുതല്‍ ആരംഭിക്കാനാണ് സാധ്യത. ട്രെന്‍ഡി ഫീച്ചറുകളും മത്സരാധിഷ്ഠിത വിലനിര്‍ണയവും കൊണ്ട് സെഗ്മെന്റിലെ റോയല്‍ എന്‍ഫീല്‍ഡിന്റെ ആധിപത്യത്തിന് തടയിടാനാകുമെന്നാണ് BSA-യുടെ വിശ്വാസം. ഇന്റര്‍സെപ്റ്റര്‍ 650 പോലുള്ള ജനപ്രിയന്‍മാര്‍ക്ക് BSA ഗോള്‍ഡ് സ്റ്റാര്‍ 650 വെല്ലുവിളിയാകുമോ എന്നറിയാന്‍ കുറച്ച് ആഴ്ചകള്‍ കൂടി മാത്രം കാത്തിരുന്നാല്‍ മതി.