CMDRF

ബിഎസ്എൻഎൽ 4ജി: 35000 ടവറുകൾ പൂർത്തിയായി

2025 ജൂണോടെ ഒരു ലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കും

ബിഎസ്എൻഎൽ 4ജി: 35000 ടവറുകൾ പൂർത്തിയായി
ബിഎസ്എൻഎൽ 4ജി: 35000 ടവറുകൾ പൂർത്തിയായി

ഡൽഹി : പൊതുമേഖല ടെലികോം സേവനദാതാക്കളായ ബിഎസ്എൻഎല്ലിൻറെ 4ജി വ്യാപനം പുരോഗമിക്കുകയാണ്. രാജ്യത്തെ വിവിധ നഗരങ്ങളിൽ ബിഎസ്എൻഎൽ 4ജി ലഭ്യമായിത്തുടങ്ങി. എന്നാൽ ഗ്രാമങ്ങളിലടക്കം പലയിടങ്ങളിലും ബിഎസ്എൻഎൽ 4ജി എത്തിയിട്ടുമില്ല. ബിഎസ്എൻഎൽ നെറ്റ്‌വർക്കിൻറെ വേഗത്തെ കുറിച്ച് ഇപ്പോഴും പരാതികൾ അനവധി. എത്ര 4ജി സൈറ്റുകൾ ബിഎസ്എൻഎല്ലിന് പൂർത്തിയാക്കാൻ കഴിഞ്ഞു എന്ന ചോദ്യവും സജീവം. ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ.

‘ബിഎസ്എൻഎൽ മുപ്പത്തിയയ്യായിരം 4ജി ടവറുകൾ സ്ഥാപിച്ചുകഴിഞ്ഞു. 2025 ജൂണോടെ ഒരു ലക്ഷം 4ജി ടവറുകൾ കൂടി സ്ഥാപിക്കും. ഇത് ബിഎസ്എൻഎല്ലിൻറെ സർവീസ് മെച്ചപ്പെടുത്തും. പുതിയ സേവനങ്ങൾ ഉപഭോക്താക്കൾക്ക് ലഭിക്കുകയും ചെയ്യും’ എന്നും ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു. തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ചാണ് ബിഎസ്എൻഎൽ 4ജി വിന്യാസം പൂർത്തിയാക്കുക എന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയൊരുക്കിയ കേന്ദ്ര സ്ഥാപനമായ സി-ഡോട്ടിന് പുറമെ ടിസിഎസ്, തേജസ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ 4ജി വിന്യാസം നടത്തുന്നത്.

Also Read:അടിച്ചുകേറി ബിഎസ്എന്‍എൽ : ഒരൊറ്റ മാസം 29 ലക്ഷം പുതിയ ഉപഭോക്താക്കള്‍

രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വർക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. സ്വകാര്യ കമ്പനികളായ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ (വിഐ) എന്നിവയ്ക്ക് ഇതിനകം 4ജി സാങ്കേതികവിദ്യകളുണ്ട്. ഈ കമ്പനികൾ 5ജി വിന്യാസം തുടങ്ങിയിരിക്കുകയാണ് ബിഎസ്എൻഎൽ 4ജി ടവറുകൾ സ്ഥാപിക്കാൻ തുടങ്ങിയത് പോലും.

ജൂലൈ ആദ്യം സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതിന് പിന്നാലെ ബിഎസ്എൻഎല്ലിലേക്ക് പുത്തൻ ഉപഭോക്താക്കളുടെ കുത്തൊഴുക്കാണ് പ്രകടമാകുന്നത്. ജൂലൈ മാസം മാത്രം 29 ലക്ഷം പുതിയ ഉപഭോക്താക്കളെ ബിഎസ്എൻഎല്ലിന് ലഭിച്ചു. ഇതേ മാസത്തിൽ റിലയൻസ് ജിയോ, ഭാരതി എയർടെൽ, വോഡഫോൺ ഐഡിയ എന്നീ മൂന്ന് സ്വകാര്യ ഭീമൻമാർക്കും ലക്ഷക്കണക്കിന് ഉപഭോക്താക്കളെ നഷ്ടമാകുന്ന സ്ഥിതിയുണ്ടായി. പുതുതായി സിം എടുത്തവരെ പിടിച്ചുനിർത്താൻ എത്രയും വേഗം 4ജി നെറ്റ്‌വർക്ക് വ്യാപനം ബിഎസ്എൻഎല്ലിന് പൂർത്തിയാക്കേണ്ടതുണ്ട്.

Top