രാജ്യത്ത് 4ജി വിന്യാസം പൂർത്തിയാകാൻ ബിഎസ്എൻഎൽ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കണം

2025 മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിക്കും എന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുടെ വാക്കുകൾ

രാജ്യത്ത് 4ജി വിന്യാസം പൂർത്തിയാകാൻ ബിഎസ്എൻഎൽ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കണം
രാജ്യത്ത് 4ജി വിന്യാസം പൂർത്തിയാകാൻ ബിഎസ്എൻഎൽ ഉപഭോക്താക്കൾ ഇനിയും കാത്തിരിക്കണം

ഡൽഹി: രാജ്യത്ത് പൊതുമേഖല ടെലികോം കമ്പനിയായ ഭാരത് സഞ്ചാർ നിഗം ലിമിറ്റഡിൻറെ (ബിഎസ്എൻഎൽ) 4ജി വിന്യാസത്തിൽ പുതിയ അപ്‌ഡേറ്റുമായി കേന്ദ്രമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. 2025 മധ്യത്തോടെ ഒരു ലക്ഷം 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിക്കും എന്നാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രിയുടെ വാക്കുകൾ. തദ്ദേശീയമായ ടെക്നോളജി ഉപയോഗിച്ചാണ് ഇത്രയും 4ജി ടവറുകൾ ബിഎസ്എൻഎൽ സ്ഥാപിക്കുക എന്നും അദേഹം കൂട്ടിച്ചേർത്തു. മന്ത്രിയുടെ വാക്കുകൾ ടെലികോം മന്ത്രാലയം ഔദ്യോഗിക എക്‌സ് ഹാൻഡിലിൽ പങ്കുവെച്ചിട്ടുണ്ട്.

രാജ്യത്ത് ഏറ്റവും വൈകി 4ജി നെറ്റ്‌വർക്ക് ആരംഭിച്ച കമ്പനിയാണ് പൊതുമേഖല സ്ഥാപനമായ ബിഎസ്എൻഎൽ. രാജ്യത്ത് 4ജി വിന്യാസം പൂർത്തിയാകാൻ 2025 മധ്യേ വരെ ബിഎസ്എൻഎൽ ഉപഭോക്താക്കൾ കാത്തിരിക്കണം എന്ന സൂചനയാണ് കേന്ദ്ര ടെലികമ്മ്യൂണിക്കേഷൻ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ പങ്കുവെക്കുന്നത്. തദ്ദേശീയമായ 4ജി സാങ്കേതികവിദ്യയൊരുക്കിയ കേന്ദ്ര സ്ഥാപനമായ സി-ഡോട്ട് (C-DOT) ബിഎസ്എൻഎൽ, ടിസിഎസ്, തേജസ് നെറ്റ്‌വർക്ക് എന്നിവയുമായി സഹകരിച്ചാണ് ബിഎസ്എൻഎല്ലിൻറെ 4ജി വിന്യാസം നടത്തുന്നത് എന്ന് അദേഹം വ്യക്തമാക്കി. സി-ഡോട്ടിൻറെ സേവനങ്ങളെ കുറിച്ച് പ്രശംസിക്കാതിരിക്കാനാവില്ലെന്നും നാല് കമ്പനികളും ഒരൊറ്റ ലക്ഷ്യത്തിനായി തീവ്രശ്രമങ്ങളിലാണ് എന്ന് മന്ത്രി പറഞ്ഞു.

ഇതിനകം എത്ര 4ജി സൈറ്റുകൾ പൂർത്തിയാക്കാൻ ബിഎസ്എൻഎല്ലിനായി എന്ന് വ്യക്തമല്ല. സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകൾ ഉയർത്തിയതിന് പിന്നാലെ ബിഎസ്എൻഎല്ലിലേക്ക് പുത്തൻ ഉപഭോക്താക്കളുടെ കുത്തൊഴുക്കുണ്ടായിരുന്നു. ഇവരെ പിടിച്ചുനിർത്താൻ എത്രയും വേഗം 4ജി നെറ്റ്‌വർക്ക് ബിഎസ്എൻഎല്ലിന് പൂർത്തീകരിച്ചേ മതിയാകൂ. ഒരു ലക്ഷം 4ജി ടവറുകളാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത് എന്ന് ജ്യോതിരാദിത്യ സിന്ധ്യ മുമ്പ് വ്യക്തമാക്കിയിരുന്നു.

Top