ബെംഗളൂരു: ബിഎസ്എന്‍എല്‍ പുതിയ ലോഗോ പുറത്തിറക്കി. രാജ്യവ്യാപകമായി 4ജി നെറ്റ്വര്‍ക്ക് ലോഞ്ചിന് മുന്നോടിയായി, സ്പാം-ബ്ലോക്കിംഗ്, വൈഫൈ റോമിംഗ് സേവനം, ഇന്‍ട്രാനെറ്റ് ടിവി എന്നിവ ഉള്‍പ്പെടെ പുതിയ ഏഴ് സേവനങ്ങള്‍ ബിഎസ്എന്‍എല്‍ അവതരിപ്പിച്ചു. അതേസമയം പുതിയ ലോഗോയില്‍ കണക്ടിങ് ഇന്ത്യ എന്നതിന് പകരം കണക്ടിങ് ഭാരത് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ എം സിന്ധ്യയാണ് പുതിയ ലോഗോ അവതരിപ്പിച്ചത്. പുതിയ സ്പാം ബ്ലോക്കിങ് സംവിധാനത്തിലൂടെ ഉപയോക്താവിന് മുന്നറിയിപ്പ് നല്‍കാതെ തന്നെ സ്പാം എസ്എംഎസ്, തട്ടിപ്പ് എന്നവയില്‍ നിന്ന് സുരക്ഷ ഒരുക്കുന്നുവെന്ന് ബിഎസ്എന്‍എല്‍ അവകാശപ്പെടുന്നു. കൂടാതെ ടെല്‍കോ വൈ-ഫൈ റോമിംഗാണ് മറ്റൊരു സവിശേഷമായ ഫീച്ചര്‍. ഇത് ബിഎസ്എന്‍എല്‍ നെറ്റ്വര്‍ക്ക് ഉപയോക്താക്കള്‍ക്ക് യാത്ര ചെയ്യുമ്പോള്‍ ഏത് ബിഎസ്എന്‍എല്‍ എഫ്ടിടിഎച്ച് വൈ-ഫൈ നെറ്റ്വര്‍ക്കിലേക്കും കണക്റ്റുചെയ്യാന്‍ പ്രാപ്തമാക്കുന്നു.