രക്ഷാപ്രവര്‍ത്തനത്തിന് 4 ജിയുമായി ബിഎസ്എന്‍എല്‍

രക്ഷാപ്രവര്‍ത്തനത്തിന് 4 ജിയുമായി ബിഎസ്എന്‍എല്‍
രക്ഷാപ്രവര്‍ത്തനത്തിന് 4 ജിയുമായി ബിഎസ്എന്‍എല്‍

മുണ്ടക്കൈ: ഇരുനൂറിലേറെ പേരുടെ ജീവന്‍ അപഹരിച്ച ഉരുള്‍പൊട്ടലിന്റെ ഞെട്ടലിലാണ് കേരളം. മേപ്പാടിയിലെ ചൂരല്‍മലയ്ക്കടുത്ത മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലാണ് കേരളം കണ്ട ഏറ്റവും വലിയ പ്രകൃതിദുരന്തമായി മാറുന്നത്. ഉരുള്‍പൊട്ടലുണ്ടായ വിവരമറിഞ്ഞ ഉടനെ ഇടപെട്ട് മാതൃകാപരമായ നടപടികള്‍ പ്രദേശത്തെ മൊബൈല്‍ സേവനദാതാക്കളായ ബിഎസ്എന്‍എല്‍ നടത്തി. ചൂരല്‍മലയിലുള്ള ഏക മൊബൈല്‍ ടവറായ ബിഎസ്എന്‍എല്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാന്‍ മൊബൈല്‍ സിഗ്‌നല്‍, ഇന്റര്‍നെറ്റ്, ടോള്‍-ഫ്രീ സൗകര്യങ്ങള്‍ എന്നിവ യുദ്ധകാലാടിസ്ഥാനത്തില്‍ തയ്യാറാക്കുകയായിരുന്നു.

ചൂരല്‍മലയിലെ ടവറിന് അടിയന്തരമായി വൈദ്യുതി സൗകര്യം ഒരുക്കിയതും മുടക്കം കൂടാതെ മൊബൈല്‍ സിഗ്‌നല്‍ ലഭ്യമാക്കിയതും യുദ്ധകാല അടിസ്ഥാനത്തില്‍ ചൂരല്‍മലയിലും മേപ്പാടിയിലും 4ജി സേവനം ലഭ്യമാക്കിയതും രക്ഷാപ്രവര്‍ത്തനം ഈര്‍ജിതമാക്കാന്‍ അതിവേഗ ഇന്റര്‍നെറ്റും ടോള്‍-ഫ്രീ നമ്പറുകളും ഒരുക്കി സഹായിച്ചു.

ബിഎസ്എന്‍എല്‍ കേരള സര്‍ക്കിളിന്റെ ഫേസ്ബുക്ക് പോസ്റ്റ്

ഏതൊരു മഹാരക്ഷാപ്രവര്‍ത്തനത്തിന്റെയും മുഖ്യധാരയില്‍ നില്‍ക്കുന്ന ഒന്നാണ് വാര്‍ത്താവിനിമയം. ചൂരല്‍മലയില്‍ ആകെ ഉള്ള മൊബൈല്‍ ടവര്‍ ബിഎസ്എന്‍എല്ലിന്റെതാണ്. ദുരന്തം നടന്നത് അറിഞ്ഞ ഉടന്‍ അവിടെ എത്തിയ ബിഎസ്എന്‍എല്‍ ജീവനക്കാര്‍ വൈദ്യുതി ഇല്ലാത്തത് കാരണം, ആദ്യ പടിയായിത്തന്നെ ജനറേറ്ററിന് ആവശ്യമായ ഡീസല്‍ അറേഞ്ച് ചെയ്തു. കൂടുതല്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ ആവശ്യമായ കപ്പാസിറ്റി കൂട്ടല്‍ അടുത്ത പടിയായി ആ ദിവസം തന്നെ ചെയ്തുതീര്‍ക്കാനും കഴിഞ്ഞു. ചൂരല്‍മല, മേപ്പാടി മൊബൈല്‍ ടവറുകള്‍ യുദ്ധകാല അടിസ്ഥാനത്തില്‍ 4Gയിലേക്ക് മാറ്റുവാനും ബിഎസ്എന്‍എല്ലിന് സാധിച്ചു. സാധാരണ 4Gസ്പെക്ട്രത്തിന് ഒപ്പം കൂടുതല്‍ ദൂരപരിധിയില്‍ സേവനം ലഭ്യമാക്കാന്‍ 700 മെഗാ ഹെര്‍ട്‌സ് ഫ്രീക്വന്‍സി തരംഗങ്ങള്‍ കൂടെ ഇവിടെ ലഭ്യമാക്കിയിട്ടുണ്ട്. ദുരന്തമുണ്ടായ സമയം മുതല്‍ ഇതുവരെയും പേമാരിയും ഉരുള്‍പൊട്ടലും വൈദ്യുതി തടസ്സങ്ങളും അടക്കമുള്ള പ്രതിസന്ധികള്‍ നേരിട്ടും ദുരിതബാധിത പ്രദേശങ്ങളില്‍ നിസ്സീമമായ മൊബൈല്‍ സേവനം നല്‍കാന്‍ ബിഎസ്എന്‍എല്ലിന് സാധിച്ചു. ദുരിതാശ്വാസപ്രവര്‍ത്തനം ഏകോപിപ്പിക്കുന്നവര്‍ക്ക് മൊബൈല്‍ സേവനവും അതിവേഗ ഇന്റര്‍നെറ്റിനുമൊപ്പം ആരോഗ്യവകുപ്പിന് വേണ്ടി പ്രത്യേക ടോള്‍-ഫ്രീ നമ്പറുകളും, ജില്ലാ ഭരണകൂടത്തിന് വേണ്ടി അതിവേഗ ഇന്റര്‍നെറ്റ് കണക്ഷനുകളും ഇതിനകം പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. അതിജീവനത്തിന്റെ പാതയില്‍ ഓരോ മനുഷ്യനും ഒപ്പം ബിഎസ്എന്‍എല്‍. നമ്മള്‍ അതിജീവിക്കുക തന്നെ ചെയ്യും.

Top