ബിജെപിക്ക് ലഭിച്ച തിരിച്ചടിയുടെ ആഘാതം കുറക്കാൻ സഹായിച്ചത് ബിഎസ്പി വോട്ടുകൾ

ബിജെപിക്ക് ലഭിച്ച തിരിച്ചടിയുടെ ആഘാതം കുറക്കാൻ സഹായിച്ചത് ബിഎസ്പി വോട്ടുകൾ
ബിജെപിക്ക് ലഭിച്ച തിരിച്ചടിയുടെ ആഘാതം കുറക്കാൻ സഹായിച്ചത് ബിഎസ്പി വോട്ടുകൾ

ഡൽഹി: ഉത്തർപ്രദേശിൽ വലിയ മുന്നേറ്റം പ്രതീക്ഷിച്ച ബിജെപിക്ക് കനത്ത തിരിച്ചടിയാണ് തിരഞ്ഞെടുപ്പിൽ ലഭിച്ചത്. പ്രധാനമന്ത്രി മോദിയുടെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും പ്രഭാവവും അയോധ്യയിലെ രാമക്ഷേത്രസ്വാധീനത്താൽ പടരുമെന്നുകരുതിയ ഹിന്ദുത്വവികാരവുമൊന്നും ബിജെപിക്ക് തുണയായില്ല. വിലക്കയറ്റവും തൊഴിലില്ലായ്മയും അഗ്‌നിപഥ് പദ്ധതി നടത്തിപ്പിനെതിരായ വികാരവും വൻ അടിയൊഴുക്കായപ്പോൾ രാമക്ഷേത്രം ഉൾപ്പെടുന്ന ഫൈസാബാദടക്കം കടപുഴകി. വാരാണസിയിൽ മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു.

സമാജ്‌വാദി പാർട്ടിയും കോൺഗ്രസും ചേർന്ന ഇന്ത്യസഖ്യം വൻമുന്നേറ്റമാണ് സംസ്ഥാനത്തുണ്ടാക്കിയിരിക്കുന്നത്. എന്നാൽ ഇപ്പോഴുണ്ടായതിനേക്കാൾ വലിയൊരു ദുരന്തത്തിൽനിന്ന് ബിജെപിയെ രക്ഷിച്ചത് മായാവതിയുടെ ബിഎസ്പിയാണെന്നാണ് വോട്ടുകണക്കുകൾ പുറത്ത് വരുമ്പോൾ വിലയിരുത്തപ്പെടുന്നത്. സംസ്ഥാനത്ത് ബിഎസ്പിക്ക് സീറ്റുകളൊന്നും ലഭിച്ചില്ലെങ്കിലും എൻഡിഎ കക്ഷികൾ വിജയിച്ച 16 മണ്ഡലങ്ങളിൽ അവരുടെ ഭൂരിപക്ഷത്തിനേക്കാളും ഉയർന്ന വോട്ട് മായാവതി ഇറക്കിയ സ്ഥാനാർഥികൾ പിടിച്ചിട്ടുണ്ട്.

യുപിയിലെ 80 സീറ്റുകളിൽ 43 ഇടങ്ങളിൽ ഇന്ത്യ സഖ്യം ജയിച്ചുകയറിയപ്പോൾ 36 മണ്ഡലങ്ങളിലാണ് എൻഡിഎയ് നേടാനായത്. ഒരിടത്ത് ദളിത് നേതാവ് ചന്ദ്രശേഖർ ആസാദാണ് വിജയിച്ചത്. 2019-ൽ 62 സീറ്റിൽ എൻഡിഎയ്ക്ക് നേടാനായിരുന്നു. കഴിഞ്ഞ തവണ എസ്പിയുമായി സഖ്യത്തിലായി 10 സീറ്റ് പിടിച്ച ബിഎസ്പിക്ക് ഇത്തവണ ഒറ്റയ്ക്ക് മത്സരിച്ചപ്പോൾ ഒരു സീറ്റിലും വിജയിക്കാനായിരുന്നില്ല.

എന്നാൽ 16 സീറ്റുകളിൽ ബിഎസ്പി സ്ഥാനാർഥി നേടിയ വോട്ടുകൾ ബിജെപിയുടെ വിജയത്തിൽ നിർണായകമായിട്ടുണ്ട്. ഈ മണ്ഡലങ്ങളിൽ ബിജെപി ഇതര വോട്ടുകൾ ഭിന്നിച്ചില്ലായിരുന്നെങ്കിലും യുപി ബിജെപിക്ക് വലിയ ദുരന്തചിത്രമാകും നൽകുകയെന്നാണ് വിലയിരുത്തപ്പെടുന്നത്. ദേശീയ തലത്തിൽ ഒറ്റയ്ക്ക് ഭൂരിപക്ഷം കിട്ടാത്ത ബിജെപിക്ക് സർക്കാർ രൂപീകരണത്തിന് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുകയും ചെയ്‌തേനെ.

ബിജെപി ജയിച്ച 14 മണ്ഡലങ്ങളിലും സഖ്യകക്ഷികളയായ ആർഎൽഡിയും അപ്‌നാദളും ജയിച്ച ഓരോ സീറ്റിലുമാണ് ബിഎസ്പി സ്ഥാനാർഥികൾ നിർണായകമായത്. ബിഎസ്പി സ്ഥാനാർഥികൾ ഇല്ലായിരുന്നെങ്കിൽ ഈ വോട്ടുകൾ ഇന്ത്യ സഖ്യത്തിന് കിട്ടുമെന്ന് ഉറപ്പില്ലെങ്കിലും സംസ്ഥാനത്ത് നിലവിലുണ്ടായ ബിജെപി വിരുദ്ധ രാഷ്ട്രീയ അന്തരീക്ഷത്തിൽ അത് കോൺഗ്രസ്-എസ്പി കൂട്ടുക്കെട്ടിന് അനുകൂലമാകുമായിരുന്നുവെന്നാണ് നിരീക്ഷണം. മുസ്ലി ദളിത് വിഭാഗങ്ങളാണ് ബിഎസ്പിയുടെ പ്രധാന വോട്ട് ബാങ്ക് എന്നതും ശ്രദ്ധേയമാണ്. ഈ മണ്ഡലങ്ങളിൽ ഒന്നിലൊഴികെ മറ്റെല്ലായിടത്തും അമ്പതിനായിരത്തിൽ താഴെയാണ് എൻഡിഎയുടെ ഭൂരിപക്ഷം.

Top