CMDRF

കേന്ദ്ര ബജറ്റ് ജനവിരുദ്ധം; സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് കെ.എൻ.ബാലഗോപാൽ

കേന്ദ്ര ബജറ്റ് ജനവിരുദ്ധം; സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് കെ.എൻ.ബാലഗോപാൽ
കേന്ദ്ര ബജറ്റ് ജനവിരുദ്ധം; സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് കെ.എൻ.ബാലഗോപാൽ

തിരുവനന്തപുരം: കേന്ദ്ര ബജറ്റിലെ സംസ്ഥാന അവഗണനക്കെതിരെ ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബജറ്റ് ജനവിരുദ്ധവും നിരാശാജനകവുമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തെ പാടെ അവഗണിച്ചു. രണ്ട് സംസ്ഥാനങ്ങള്‍ക്കു മാത്രമാണു പരിഗണന നല്‍കിയത്. ഇതു തിരുത്തി എല്ലാ സംസ്ഥാനങ്ങള്‍ക്കും അര്‍ഹമായതു നല്‍കാന്‍ കേന്ദ്രം തയാറാകണമെന്നും ബാലഗോപാല്‍ പറഞ്ഞു. ബിജെപി അക്കൗണ്ട് തുറന്നപ്പോള്‍ സംസ്ഥാനത്തിന്റെ അക്കൗണ്ട് പൂട്ടുകയാണ് കേന്ദ്രം ചെയ്തിരിക്കുന്നത്. കേരളത്തില്‍നിന്നുള്ള ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിഷേധിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ ഒരു താല്‍പര്യവും സംരക്ഷിക്കാത്ത കേരളവിരുദ്ധമായ ബജറ്റാണിത്.

അങ്ങേയറ്റും പ്രതിഷേധവും വിഷമവുമുണ്ട്. രാജ്യത്തിന്റെ നന്മയ്ക്കു വേണ്ടി രൂപീകരിക്കേണ്ട ബജറ്റ് മോദി സര്‍ക്കാരിന്റ ആരോഗ്യത്തിനും ആയുസിനും വേണ്ടി മാത്രം നടത്തിയ പൊളിറ്റിക്കല്‍ ഗിമ്മിക്ക് ആയി മാറി. സ്വന്തം മുന്നണിയുടെ താല്‍പര്യം സംരക്ഷിക്കാനായി ചില പ്രദേശത്തിനു മാത്രം പ്രധാന്യം നല്‍കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്നത് ഇന്ത്യ ചരിത്രത്തില്‍ ഇതുവരെ ഉണ്ടാകാത്തതാണെന്നും ധനമന്ത്രി പറഞ്ഞു. ഫെഡറലിസത്തിന്റെ കാര്യം പറയാന്‍ മോദി സര്‍ക്കാരിന് അര്‍ഹതയില്ലെന്നു തെളിയിക്കുന്ന ബജറ്റാണിത്. തൊഴില്‍ അവസരങ്ങള്‍ സംബന്ധിച്ച് പ്രഖ്യാപനങ്ങള്‍ ഉണ്ടെങ്കില്‍ കഴിഞ്ഞ ബജറ്റുമായി നോക്കുമ്പോള്‍ കാര്യമായ മാറ്റമൊന്നുമില്ല.

ലക്ഷക്കണക്കിന് തസ്തികകള്‍ ഒഴിഞ്ഞു കിടക്കുകയാണെങ്കിലും നിയമനം നടത്തുന്നില്ല. പല മേഖലയിലും ഫണ്ട് വെട്ടിക്കുറിച്ചിരിക്കുകയാണ് ഭക്ഷ്യസബ്‌സിഡിയും വളം സബ്‌സിഡിയും ഗണ്യമായി വെട്ടിക്കുറച്ചു. തൊഴിലുറപ്പു പദ്ധതിക്കുള്ള പണവും കുറച്ചിരിക്കുകയാണ്. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള പദ്ധതിക്കും ഫണ്ട് വെട്ടിക്കുറച്ചിട്ടുണ്ടെന്നു മന്ത്രി കുറ്റപ്പെടുത്തി. ആന്ധ്രാ പ്രദേശ് വികസനത്തിനായാണു പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടത്. കേരളമാകട്ടെ വെട്ടിക്കുറിച്ച ഫണ്ട് ഒരു പാക്കേജായി തരണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാല്‍ അതു പരിഗണിച്ചില്ല. വിഴിഞ്ഞം പദ്ധതിക്കായി ഒരു രൂപപോലും മാറ്റിവച്ചില്ല. വര്‍ഷങ്ങളായി സ്ഥലം ഉള്‍പ്പെടെ മാറ്റിവച്ചിട്ട് എയിംസിന്റെ കാര്യവും പരിഗണിച്ചിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

Top