CMDRF

കേന്ദ്ര ബജറ്റ് : ചരിത്രംകുറിച്ച് നിര്‍മല സീതാരാമന്‍; പ്രതീക്ഷയോടെ കേരളം

കേന്ദ്ര ബജറ്റ് : ചരിത്രംകുറിച്ച് നിര്‍മല സീതാരാമന്‍; പ്രതീക്ഷയോടെ കേരളം
കേന്ദ്ര ബജറ്റ് : ചരിത്രംകുറിച്ച് നിര്‍മല സീതാരാമന്‍; പ്രതീക്ഷയോടെ കേരളം

ലിയ പ്രഖ്യാപനങ്ങളോ നികുതി നിരക്കില്‍ കാതലായ മാറ്റങ്ങളോ വരുത്താത്ത ഇടക്കാല ബജറ്റായിരുന്നു ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കപ്പെട്ടത്. അതുകൊണ്ടുതന്നെ രാജ്യം ഏറെ പ്രതീക്ഷയോടെയാണ് ബജറ്റിനെ ഉറ്റുനോക്കുന്നത്. 2047 ഓടെ വികസിത് ഭാരത് ലക്ഷ്യമാക്കിയുള്ള ബജറ്റിന്റെ തുടര്‍ച്ചയാകും നാളെ അവതരിപ്പിക്കപ്പെടുകയെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അടക്കമുള്ളവര്‍ കണക്കുകൂട്ടുന്നത്.

മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് അവതരണം നാളെ നടക്കുമ്പോള്‍ ഒപ്പം ഒരു പുതുചരിത്രം കൂടി എഴുതുകയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. നാളെ നടക്കാനിരിക്കുന്ന ബജറ്റ് അവതരണത്തോടെ തുടര്‍ച്ചയായി ഏഴുതവണ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന വനിതാ കേന്ദ്രമന്ത്രിയായി നിര്‍മല സീതാരാമന്‍ മാറും, കൂടാതെ ഏറ്റവും കൂടുതല്‍ തവണ ബജറ്റവതരണം നടത്തിയ മൊറാര്‍ജി ദേശായിയുടെ പേരിലുള്ള റെക്കോഡ് കൂടിയാണ് നിര്‍മല സീതാരാമന്‍ തിരുത്തുന്നത്. അവതരിപ്പിച്ച ഏഴ് ബജറ്റുകളില്‍ ആറെണ്ണവും സമ്പൂര്‍ണ ബജറ്റുകളാണെന്ന നേട്ടവും നിര്‍മലയ്ക്ക് സ്വന്തം. കഴിഞ്ഞ തവണയും രാജ്യത്തിന്റെ ധനകാര്യമന്ത്രി സ്ഥാനം വഹിച്ച നിര്‍മല സീതാരാമന്‍ ആദ്യമായി പേപ്പര്‍ലെസ് അവതരണം നടത്തിയും ഏറ്റവും നീണ്ട ബജറ്റ് അവതരണം നടത്തിയും 2019 ജൂലൈയിലെ 2 മണിക്കൂര്‍ 17 മിനിറ്റ് നീണ്ട തന്റെ തന്നെ റെക്കോഡ് മാറികടന്നുകൊണ്ട് 2020 ഫെബ്രുവരി ഒന്നിലെ ബജറ്റ് അവതരണം 165 മിനിറ്റാക്കി നാള്‍വഴികള്‍ തിരുത്തി.

രാജ്യത്തെ സാമ്പത്തികനില ശക്തമാണെന്ന് വാദിക്കുന്ന സാമ്പത്തിക സര്‍വേ മുന്‍നിര്‍ത്തി നാളെ നടക്കാനിരിക്കുന്ന കേന്ദ്ര ബജറ്റിലേക്ക് ഉറ്റുനോക്കുകയാണ് രാജ്യം. ബിജെപി സര്‍ക്കാരിന്റെ തുടര്‍ച്ചയായ അഞ്ചാമത്തെ ബജറ്റ് ജനകീയമായിരിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഗ്ദാനം. രണ്ടാംമോദി സര്‍ക്കാര്‍ തുടക്കമിട്ട സാമ്പത്തിക പരിഷ്‌ക്കാരങ്ങളില്‍ ഇത്തവണ പുത്തന്‍ ചുവടുവെയ്പുകള്‍ക്ക് രാജ്യം സാക്ഷ്യമാകുമെന്നാണ് പ്രതീക്ഷ.

2024-25 വര്‍ഷത്തേക്കുള്ള വരവ് ചെലവ് കണക്കുകളുടെ പട്ടികയിലേക്കാണ് സാധാരണക്കാരുടെ നോട്ടമെത്തുക. പോക്കറ്റ് കാലിയാകുമോ എന്ന ഭയം ഏതൊരു കൂലിപ്പണിക്കാരന്റെയും വേവലാതിയാണ്. സാധനങ്ങളുടെ വിലക്കയറ്റവും, വിലക്കുറവും, ആദായനികുതി നിരക്കിലെ മാറ്റങ്ങളും, ശമ്പളം, ക്ഷേമപദ്ധതികള്‍, അവശ്യവസ്തുക്കളുടെ സബ്‌സിഡികള്‍, ആരോഗ്യ സംരക്ഷണ ചെലവുകള്‍ തുടങ്ങിയവയിലേക്കൊക്കെ വളരെ പ്രതീക്ഷയോടെ തന്നെയാണ് രാജ്യം ശ്രദ്ധചെലുത്തുന്നത്. സമ്പദ് വ്യവസ്ഥയുടെ ഉല്‍പ്പാദന ശേഷി വര്‍ധിപ്പിക്കാന്‍ കെല്‍പ്പുള്ള ഓഹരി വിപണിയില്‍ വരാനിരിക്കുന്ന മാറ്റങ്ങള്‍ ഇത്തവണ കൂടുതല്‍ പ്രധാനപ്പെട്ടതായിരിക്കും. പൊതുസേവനങ്ങള്‍ മെച്ചപ്പെടുത്തുന്നതും, ഓഹരി വിറ്റഴിക്കലും എല്ലാം ഏറെ പ്രധാനമാണ്. രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഉയര്‍ന്നുവരുന്ന സാഹചര്യത്തില്‍ ബജറ്റില്‍ വെല്ലുവിളികള്‍ ഏറും. കൂടാതെ ജിഎസ്ടി, സെസ്, ഇറക്കുമതി-കയറ്റുമതി തീരുവ, എക്സൈസ് ഡ്യൂട്ടി, ആദായനികുതി, ജിഎസ്ടി, കസ്റ്റംസ് ഡ്യൂട്ടി തുടങ്ങിയ നികുതി വരുമാനവും, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നുള്ള ലാഭവിഹിതം, പലിശ രസീതുകള്‍, സര്‍ക്കാര്‍ സംരംഭങ്ങളില്‍ നിന്നുള്ള ലാഭം, പിഴകള്‍ വഴിയുള്ള വരുമാനം, സര്‍ക്കാരിന്റെ നിക്ഷേപങ്ങള്‍, വായ്പകള്‍, മറ്റ് സേവനങ്ങളില്‍ നിന്നുള്ള വരുമാനം തുടങ്ങിയ നികുതിയിതര വരുമാനവും എല്ലാം നിര്‍ണായക ചര്‍ച്ചകളില്‍പ്പെടും.

സംസ്ഥാന സര്‍ക്കാരിന് കീഴില്‍ വമ്പന്‍ പദ്ധതികള്‍ക്ക് കേരളത്തില്‍ തറക്കല്ല് വീണപ്പോള്‍ കേന്ദ്രത്തിന്റെ കനിവ് ഇത്തവണത്തെ ബജറ്റില്‍ കാര്യമായി തന്നെ സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നുണ്ട്. കേരളത്തിന്റെ കടമെടുപ്പ് പരിധി കേന്ദ്രം വെട്ടിക്കുറച്ചതുമൂലം സംസ്ഥാനം നേരിട്ട സാമ്പത്തിക തിരിച്ചടിക്ക് പരിഹാരമായി 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംസ്ഥാനത്തെ മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 3 ശതമാനമാണ് നിലവിലെ കടമെടുപ്പ് പരിധി. ഊര്‍ജ്ജമേഖലയുമായി ബന്ധപ്പെട്ട് അര ശതമാനം കൂടി ചേര്‍ത്ത് മൂന്നര ശതമാനം കടമെടുക്കാന്‍ കേരളത്തിന് കഴിയേണ്ടതായിരുന്നു. എന്നാല്‍ 2022-23ല്‍ 2.44 ശതമാനം മാത്രമാണ് കടമെടുക്കാന്‍ അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാകട്ടെ 2.88 ശതമാനവും. ഇതിന് പുറമെയാണ് ധന കമ്മീഷന്‍ കേന്ദ്ര നികുതി വിഹിതത്തില്‍ വലിയ കുറവ് വരുത്തിയത്. സംസ്ഥാനം ഏറെ പ്രതീക്ഷയര്‍പ്പിച്ച തിരുവനന്തപുരം- കാസര്‍ഗോഡ് സില്‍വര്‍ലൈനും, കോഴിക്കോടിനെയും വയനാടിനെയും ബന്ധിപ്പിക്കുന്ന തുരങ്കപാത, റെയില്‍വേ സംവിധാനങ്ങളുടെ നവീകരണം തുടങ്ങി കേരളത്തിന്റെ ആവശ്യപട്ടിക നീളുമ്പോള്‍ ധനമന്ത്രിയായ കെഎന്‍ ബാലഗോപാലന് മാത്രമല്ല, സംസ്ഥാനത്ത് നിന്നുമുള്ള കേന്ദ്ര മന്ത്രിമാരിലും കേരളത്തിന് പ്രതീക്ഷയേറും.

REPORT: ANURANJANA KRISHNA

Top