സൂറത്ത്; ഗുജറാത്തിൽ ആറുനില കെട്ടിടം തകർന്ന് വീണു 15 പേർക്ക് പരുക്ക്. സൂറത്തിന് സമീപം സച്ചിൻപാലി ഗ്രാമത്തിലാണ് കെട്ടിടം തകർന്നു വീണത്. എട്ട് വർഷം മുൻപ് പണിത കെട്ടിടം ജീർണാവസ്ഥയിലായിരുന്നുവെന്നാണ് പ്രദേശവാസികൾ പറയുന്നത്. ശനിയാഴ്ച പെയ്ത കനത്ത മഴയിലാണ് കെട്ടിടം ഇടിഞ്ഞു വീണത്.
15 പേരെ പരുക്കുകളോടെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്നവർക്കായി തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. പൊലീസിന്റെയും അഗ്നിശമന സേനയുടെയും നേതൃത്വത്തിലാണ് പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നത്. ദേശീയ ദുരന്ത നിവാരണ സേനയും അപകടം നടന്ന സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.
അവശിഷ്ടങ്ങൾക്കിടയിൽനിന്ന് കുടുങ്ങിക്കിടക്കുന്നവരുടെ ശബ്ദം കേൾക്കുന്നുണ്ടെന്നും ഏതാനും മണിക്കൂറുകൾക്കുള്ളിൽ ഇവരെ രക്ഷിക്കാൻ കഴിയുമെന്നും സൂറത്ത് പൊലീസ് അറിയിച്ചു.
കെട്ടിടം തകർന്നു വീഴാനിടയായ സാഹചര്യത്തെ കുറിച്ച് അന്വേഷിക്കുമെന്ന് ജില്ലാ ഭരണകൂടവും വ്യക്തമാക്കി. കെട്ടിടം തകർന്ന് വീഴുമ്പോൾ അഞ്ച് കുടുംബങ്ങൾ കെട്ടിടത്തിനകത്ത് ഉണ്ടായിരുന്നതായാണ് നിഗമനം. ബാക്കി ഫ്ലാറ്റുകളെല്ലാം ഒഴിഞ്ഞുകിടക്കുകയായിരുന്നുവെന്നും പ്രദേശവാസികൾ പറഞ്ഞു.