ലൂസിയാന: ഭാര്യയുമായി വഴക്കിട്ട് മകളുമായി പോയ യുവാവ് മകളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു.
അമേരിക്കയിലെ ലൂസിയാനയിലെ കോൺവെന്റിൽ ബുധനാഴ്ചയായിരുന്നു സംഭവം. കോൺവെന്റിലെ സെന്റ് ജെയിംസ് പാരീഷ് ദേവാലയത്തിന്റെ സെമിത്തേരിയുടെ മതിലിൽ കാറിടിച്ച് കയറ്റിയാണ് യുവാവ് ഒരു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം സ്വയം നിറയൊഴിച്ച് യുവാവ് ജീവനൊടുക്കുകയായിരുന്നു.
എന്നാൽ മരിക്കുന്നതിന് മുൻപായി തന്നെ ഇയാൾ ഭാര്യയെ വിളിക്കുകയും മകളെ അപായപ്പെടുത്തുമെന്നും ജീവനൊടുക്കുമെന്നും ഭീഷണിപ്പെടുത്തിയിരുന്നു. പരിചിതമല്ലാത്ത മേഖലയിലൂടെയാണ് യുവാവ് പോയിരിക്കുന്നതെന്നും യുവതി പോലീസിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് യുവാവിന്റെ ഫോൺ പോലീസ് ട്രാക്ക് ചെയ്യുന്നത്. ഒരു മണിക്കൂറിന് ശേഷമാണ് യുവാവിന്റെ ഫോൺ പൊലീസിന് കണ്ടെത്താനായത്. പൊലീസിനെ കണ്ടതോടെയാണ് യുവാവ് സ്വയം വെടിയുതിർത്തത്. പൊലീസ് യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.