ന്യൂഡല്‍ഹി: ഇന്ത്യയില്‍ വയോധികരുടെ ജനസംഖ്യ 2050-ഓടെ ഇരട്ടിയാകുമെന്ന് യുനൈറ്റഡ് നേഷന്‍സ് പോപുലേഷന്‍ ഫണ്ട് (യു.എന്‍.എഫ്.പി.എ) ഇന്ത്യ മേധാവി ആന്‍ഡ്രിയ വോജ്നാര്‍ പറഞ്ഞു. ഒറ്റക്ക് ജീവിക്കുന്ന പ്രായമായ സ്ത്രീകള്‍ക്ക് ആരോഗ്യ സംരക്ഷണം, പാര്‍പ്പിടം, പെന്‍ഷന്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമായി വരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2050-ല്‍ 60 വയസും അതില്‍ കൂടുതലും പ്രായമുള്ള വ്യക്തികളുടെ എണ്ണം ഇരട്ടിയായി 346 ദശലക്ഷമായി ഉയരുമെന്ന് വോജ്നാര്‍ പറഞ്ഞു. ഇന്ത്യയിലെ യുവജന ജനസംഖ്യ, പ്രായമായവരുടെ ജനസംഖ്യ, നഗരവല്‍ക്കരണം, കുടിയേറ്റം, കാലാവസ്ഥ പ്രതിരോധം എന്നിവയുടെ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. ഇന്ത്യയില്‍ 10 നും 19 നും ഇടയില്‍ പ്രായമുള്ള 252 ദശലക്ഷം യുവജനങ്ങളുണ്ട്. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയോടൊപ്പം ജനസംഖ്യാശാസ്ത്രം വളരാനും അവസരം കൊടുക്കണമെന്ന് വോജ്നാര്‍ പറഞ്ഞു.
ചേരികള്‍ വര്‍ധിക്കുക, വായു മലിനീകരണം, പരിസ്ഥിതിനാശം തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് സ്മാര്‍ട്ട് സിറ്റികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, എന്നിവ അനിവാര്യമാണെന്ന് വോജ്നാര്‍ പറഞ്ഞു. കാലാവസ്ഥ വ്യതിയാനം പ്രത്യുല്‍പാദനശേഷിയെ ബാധിക്കുകയും ഗര്‍ഭധാരണ സങ്കീര്‍ണതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യും. സ്ത്രീ സുരക്ഷയുടെ ആവശ്യകതയും രാജ്യത്ത് കുടിയേറ്റം നിയന്ത്രിക്കുന്നതിന് നടപടികള്‍ വേണമെന്നും അദ്ദേഹം ഊന്നി പറഞ്ഞു.