മലപ്പുറം: സിഎഎ നടപ്പാക്കിയത് തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാന്‍ ഉള്ള പാഴ്‌വേലയുടെ ഭാഗമായാണെന്ന് മുസ്ലിം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. കേന്ദ്രത്തിന്റേത് തിരഞ്ഞെടുപ്പ് നിയമങ്ങളുടെ ലംഘനമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഈ കാര്യത്തില്‍ നടപടി എടുക്കണം. സിഎഎ ഇപ്പോള്‍ നടപ്പാക്കില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഉറപ്പു നല്‍കിയത്. കോടതിയെ മറച്ചുവെച്ച് ചെയ്ത പോലെയായി ഇപ്പോഴത്തെ നടപടി. കേന്ദ്ര സര്‍ക്കാരിന്റെ നടപടിയെ ആവശ്യമെങ്കില്‍ സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.
അപേക്ഷകള്‍ പരിഗണിക്കാന്‍ ജില്ലാതല സമിതിയും ഇത് പരിശോധിക്കാന്‍ സംസ്ഥാനതല സമിതിയും രൂപീകരിക്കാനായിരുന്നു നിര്‍ദ്ദേശം. പൗരത്വം നല്കുന്നത് സെന്‍സസ് ഡയറ്കര്‍ ജനറല്‍ അദ്ധ്യക്ഷനായ കേന്ദ്ര സമിതിയാണ്. പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇതിനോട് സഹകരിച്ചിരുന്നില്ല. രാജസ്ഥാന്‍, യുപി, ആസം തുടങ്ങിയ സംസ്ഥാനങ്ങളിലുള്ളവര്‍ക്കാണ് തുടക്കത്തില്‍ പൗരത്വം നല്കിയിരിക്കുന്നത്. പാകിസ്ഥാനില്‍ നിന്ന് വന്ന അഭയാര്‍ത്ഥികളാണ് തുടക്കത്തില്‍ പൗരത്വം കിട്ടിയിരിക്കുന്നത്. കൂടുതല്‍ അപേക്ഷകര്‍ക്ക് ഡിജിറ്റല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അയച്ചു കൊടുക്കും എന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. പൗരത്വ നിയമഭേദഗതിക്കെതിരെ 237 ഹര്‍ജികളാണ് സുപ്രീംകോടതിയുടെ പരിഗണനയില്‍ ഉള്ളത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാര്‍ സിഎഎ നടപ്പാക്കിയത്. 14 പേരുടെ പൗരത്വ സര്‍ട്ടിഫിക്കറ്റ് ഇന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നേരിട്ട് കൈമാറി. സിഎഎക്കെതിരായ ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയില്‍ ഇരിക്കെ ഇത് നടപ്പാക്കിയത് ജുഡീഷ്യറിയോടുള്ള അവഹേളനമെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. 2019ല്‍ കൊണ്ടു വന്ന പൗരത്വ നിയമസഭേദഗതി രാജ്യത്ത് വന്‍ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതിനുശേഷം നടപ്പാക്കാതെ മാറ്റി വച്ച നിയമത്തിന്റെ ചട്ടങ്ങള്‍ ഇക്കഴിഞ്ഞ മാര്‍ച്ചിലാണ് സര്‍ക്കാര്‍ പുറത്തു വിട്ടത്.