കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന്റെ ഭാര്യക്കു ജോലി നൽകുമെന്ന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ഭാരവാഹികള്‍ ചേർന്ന് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പ്രഖ്യാപനം.
‘ഷിരൂരില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തിന്റെ ഏകാശ്രയം ആ യുവാവായിരുന്നു. ആ കുടുംബം അനാഥമായി. അര്‍ജുന്‍ തിരിച്ചുവരുമെന്ന് ഇനി പറയാനുമാവില്ല. അര്‍ജുന്റെ ഭാര്യ വിദ്യാസമ്പന്നയാണ്. ഈ സാഹചര്യത്തിലാണു ജോലി കൊടുക്കാന്‍ സിറ്റിബാങ്ക് സന്നദ്ധമാകുന്നത്. ഇക്കാര്യത്തില്‍ സഹകരണ നിയമവ്യവസ്ഥകളില്‍ സര്‍ക്കാര്‍ പ്രത്യേകമായി ഇളവനുവദിക്കുകയാണെങ്കില്‍ ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത ഒരു തസ്തികയില്‍ അര്‍ജുന്റെ ഭാര്യയ്ക്കു നിയമനം നല്‍കാനാവും’, വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
കൂടാതെ, വയനാട് ചൂരല്‍മലയിലെ പ്രകൃതിദുരന്തത്തില്‍ ഭവനരഹിതരായവരില്‍ 11 കുടുംബങ്ങള്‍ക്കു സൗജന്യമായി വീടുവച്ചു നൽകുമെന്നും ബാങ്ക് ഭാരവാഹികൾ അറിയിച്ചു.
ഭവനരഹിതരായവര്‍ക്കു പുനരധിവാസത്തിനായി അധികാരികളോ സ്വകാര്യസ്ഥാപനങ്ങളോ വ്യക്തികളോ സൗജന്യമായി നല്‍കുന്ന സ്ഥലത്ത് ഗ്രാമപഞ്ചായത്തു നിര്‍ദേശിക്കുന്ന 11 കുടുംബങ്ങള്‍ക്കാണു സിറ്റി ബാങ്ക് വീടുവച്ചു നല്‍കുക. സര്‍ക്കാരിന്റെ അനുമതിക്കു വിധേയമായിട്ടായിരിക്കും ഇത്.
ഓരോ വീടിനും അഞ്ചു ലക്ഷംരൂപ വീതം ബാങ്ക് ചെലവഴിക്കും. ചാത്തമംഗലത്തെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി ആലോചിച്ചു വയനാടിന്റെ പ്രകൃതിക്ക് ഇണങ്ങുന്നവിധം വീടുകള്‍ രൂപകല്‍പന ചെയ്യും. 120 ദിവസത്തിനകം പണി പൂര്‍ത്തിയാക്കി കൈമാറും. സര്‍ക്കാരിന്റെ ഏതെങ്കിലും സഹായപദ്ധതിയുടെ ഭാഗമായി ഈ ദൗത്യം ഏറ്റെടുക്കാനും ബാങ്ക് തയ്യാറാണെന്ന് ഭാരവാഹികള്‍ പറഞ്ഞു