യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍
യുവാവിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി പണം തട്ടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

മലപ്പുറം: സാമൂഹ്യ മാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനെ ഭര്‍ത്താവ് വിദേശത്താണെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി മര്‍ദിച്ച് പണംതട്ടാന്‍ ശ്രമിച്ച കേസില്‍ രണ്ട് പേര്‍ അറസ്റ്റില്‍. തിരൂരങ്ങാടി സ്വദേശിയായ യുവാവാണ് പരാതിക്കാരന്‍. കാവനൂര്‍ വാക്കാലൂര്‍ കളത്തിങ്ങല്‍ വീട്ടില്‍ അന്‍സീന (29), ഭര്‍തൃസഹോദരന്‍ ഷഹബാബ് (29) എന്നിവരെയാണ് അരീക്കോട് പൊലീസ് പിടികൂടിയത്. യുവതിയുടെ ഭര്‍ത്താവും സുഹൃത്തും ഒളിവിലാണ്.

ഞായറാഴ്ച വീടിനടുത്തെത്തിയ യുവാവിനെ അന്‍സീനയുടെ ഭര്‍ത്താവ് ശുഹൈബ് (27), സഹോദരന്‍ ഷഹബാബ്, സുഹൃത്ത് മന്‍സൂര്‍ എന്നിവര്‍ ചേര്‍ന്ന് സമീപത്തെ ക്വാറിയിലെത്തിച്ച് മര്‍ദിക്കുകയായിരുന്നു.

Also Read: ബംഗളൂരുവിൽ ഐ ടി ജീവനക്കാരനായ മലയാളിയെ സൈബർ തട്ടിപ്പിനിരയാക്കാൻ ശ്രമം

മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയനുസരിച്ച് അന്‍സീന യുവാവിനെ വിളിച്ച് അക്രമിസംഘം ആവശ്യപ്പെടുന്നത് നല്‍കണമെന്നും ഇല്ലെങ്കില്‍ അവര്‍ വിദേശത്തുള്ള ഭര്‍ത്താവിനെ വിവരമറിയിക്കുമെന്നും പറഞ്ഞു. യുവാവിന്റെ കൈയിലുണ്ടായിരുന്ന 17,000 രൂപയും മൊബൈല്‍ ഫോണും പ്രതികള്‍ തട്ടിയെടുക്കുകയും ചെയ്തു. പിന്നീട് രണ്ട് ലക്ഷം രൂപകൂടി യുവാവിനോട് ആവശ്യപ്പെട്ടു.

സുഹൃത്തുക്കള്‍ മുഖേന 25,000 രൂപ സംഘടിപ്പിച്ച യുവാവ് ഗൂഗിള്‍പേ വഴി തട്ടിപ്പ് സംഘത്തിന് നല്‍കി. അരീക്കോട്ടെ മൊബൈല്‍കടയില്‍നിന്ന് യുവാവിന്റെ പേരില്‍ ഇഎംഐ വഴി രണ്ട് മൊബൈല്‍ ഫോണുകളെടുക്കാനും പ്രതികള്‍ ശ്രമിച്ചു. ഇതിനിടെ സംശയം തോന്നിയ യുവാവിന്റെ സുഹൃത്തുക്കള്‍ തിരൂരങ്ങാടി പൊലീസില്‍ പരാതി നല്‍കി. ഇത് അരീക്കോട് പൊലീസിന് കൈമാറുകയായിരുന്നു.

Also Read: അയൽവാസികൾ തമ്മിൽ തർക്കം; പശുവിനെ വെട്ടിക്കൊന്ന് ക്രൂരത

യുവാവിന്റെ പരാതിയിലും അരീക്കോട് പൊലീസ് കേസെടുത്തു. എസ്എച്ച്ഒ വി ഷിജിത്തിന്റെ നേതൃത്വത്തില്‍ എസ്‌ഐ നവീന്‍ ഷാജാണ് രണ്ടുപേരെ അറസ്റ്റ് ചെയ്തത്. ഒളിവിലുള്ളവര്‍ക്കായി അന്വേഷണം ഊര്‍ജിതമാക്കി. പ്രതികള്‍ സമാനമായ തട്ടിപ്പ് മുമ്പും നടത്തിയതായി സംശയമുണ്ട്.

Top