ക്യാമറ ഭീമന്‍മാരായ ഗോപ്രോയും തൊഴിലാളികളെ പിരിച്ചുവിടുന്നു

ക്യാമറ ഭീമന്‍മാരായ ഗോപ്രോയും തൊഴിലാളികളെ പിരിച്ചുവിടുന്നു
ക്യാമറ ഭീമന്‍മാരായ ഗോപ്രോയും തൊഴിലാളികളെ പിരിച്ചുവിടുന്നു

സാൻ മാറ്റിയോ: ആക്ഷൻ ക്യാമറ നിര്‍മാണ രംഗത്തെ പ്രമുഖരായ അമേരിക്കന്‍ കമ്പനി ഗോപ്രോ നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നു. 2024 പൂര്‍ത്തിയാകുമ്പോഴേക്ക് 15 ശതമാനം തൊഴിലാളികളെ ഒഴിവാക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. കാലിഫോര്‍ണിയയിലെ സാൻ മാറ്റിയോയില്‍ നിക്ക് വുഡ്‌മാന്‍ 2002ല്‍ സ്ഥാപിച്ച ഗോപ്രോ ആക്ഷന്‍ ക്യാമറകള്‍ക്ക് പുറമെ മൊബൈല്‍ ആപ്പ്, വീഡിയോ എഡിറ്റിംഗ് സോഫ്റ്റ്‌സ്‌വെയര്‍ എന്നിവയുടെ നിര്‍മാതാക്കളുമാണ്.

ചിലവ് ചുരുക്കല്‍, പുനഃസംഘടന എന്നീ കാരണങ്ങള്‍ പറഞ്ഞ് ആക്ഷൻ ക്യാമറ നിര്‍മാതാക്കളായ ഗോപ്രോയും തൊഴിലാളികളെ കൂട്ടപ്പിരിച്ചുവിടല്‍ നടത്തുകയാണ്. ജൂണ്‍ 30ലെ കണക്കുപ്രകാരമുള്ള 925 മുഴുവന്‍സമയ ജീവനക്കാരില്‍ 15 ശതമാനത്തെയാണ് ഇത് പ്രതികൂലമായി ബാധിക്കുക. 2024ന്‍റെ മൂന്നാം ക്വാര്‍ട്ടറില്‍ ആരംഭിക്കുന്ന തൊഴിലാളികളെ വെട്ടിച്ചുരുക്കല്‍ 2024 അവസാനത്തോടെ പൂര്‍ത്തിയാക്കാന്‍ കമ്പനി ലക്ഷ്യമിടുന്നു. 140 ജോലിക്കാര്‍ക്കാണ് ഇതോടെ കമ്പനി വിടേണ്ടിവരിക. 2024ല്‍ രണ്ടാം തവണയാണ് ഗോപ്രോ തൊഴിലാളികളെ ഒഴിവാക്കുന്നത്. നാല് ശതമാനം ജോലിക്കാരെ മാര്‍ച്ച് മാസം കമ്പനി പുറത്താക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രണ്ടാം ക്വാര്‍ട്ടറില്‍ 22.7 ശതമാനം വരുമാനം കുറഞ്ഞതായി ഗോപ്രോ അടുത്തിടെ അറിയിച്ചിരുന്നു.

ടെക് ഇന്‍ഡസ്ട്രിയില്‍ വലിയ തൊഴില്‍ നഷ്ടമാണ് 2024ല്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ആഴ്‌ച 6,000 ജീവനക്കാരെ പ്രമുഖ നെറ്റ്‌വർക്കിംഗ്, ഇന്‍റര്‍നെറ്റ് ഉപകരണ നിര്‍മാതാക്കളായ സിസ്‌കോ പിരിച്ചുവിട്ടിരുന്നു. ജനറല്‍ മോട്ടോര്‍സ് 1,000ത്തിലേറെ സോഫ്റ്റ്‌വെയര്‍ ആന്‍ഡ് സര്‍വീസസ് ജീവനക്കാരെ പിരിച്ചുവിടുന്നതായി ഇന്ന് വാര്‍ത്തകള്‍ പുറത്തുവന്നു. ആമസോണ്‍ വെബ്‌സര്‍വീസ്, മൈക്രോസോഫ്റ്റ് അസ്യൂര്‍, ഇന്‍റല്‍, ഡെല്‍ തുടങ്ങിയ വമ്പന്‍ കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. ഇന്‍റല്‍ ആണ് ഏറ്റവും കൂടുതല്‍ തൊഴിലാളികളെ പിരിച്ചുവിട്ട സ്ഥാപനങ്ങളിലൊന്ന്.

Top