CMDRF

എന്റെ സമകാലികരായ ഏതെങ്കിലും ഒരു അഭിനേത്രി മൊഴികൊടുക്കുമോ: രഞ്ജിനി

എന്റെ സമകാലികരായ ഏതെങ്കിലും ഒരു അഭിനേത്രി മൊഴികൊടുക്കുമോ: രഞ്ജിനി
എന്റെ സമകാലികരായ ഏതെങ്കിലും ഒരു അഭിനേത്രി മൊഴികൊടുക്കുമോ: രഞ്ജിനി

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതുമായി ബന്ധപ്പെട്ട് തനിക്ക് നേരെ നടക്കുന്ന വിമർശനങ്ങളിൽ പ്രതികരണവുമായി നടി രഞ്ജിനി. കമ്മിറ്റിയുടെ ഹിയറിങ്ങിൽ ആദ്യം പങ്കെടുത്ത വ്യക്തി താനാണ്. നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് ശബ്ദം ഉയർത്തിയ വ്യക്തിയുമാണ് താൻ. ആ സാഹചര്യത്തിൽ താൻ എങ്ങനെയാണ് വില്ലത്തിയാകുന്നത് എന്ന് രഞ്ജിനി ചോദിച്ചു. കരിയറിന്റെ ഏറ്റവും ഉയർന്ന അവസ്ഥയിൽ സിനിമയിൽ നിന്ന് മാറിനിൽക്കേണ്ടി വന്നിട്ടുള്ള വ്യക്തിയാണ് താനെന്നും രഞ്ജിനി പ്രമുഖ മാധ്യമത്തോട് പ്രതികരിച്ചു.

‘ഞാൻ ഒരു ഡബ്ല്യുസിസി അംഗമാണ്. ഡബ്ല്യുസിസി കാരണമാണ് താൻ ഹിയറിങ്ങിന് പോയത്. ആദ്യമായി ഹിയറിങ്ങിന് പോയ വ്യക്തിയും ഞാനാണ്. ആദ്യ ഹിയറിങ് തിരുവനന്തപുരത്ത് വെച്ചാണ് നടന്നത്. ഡബ്ല്യുസിസിയിലെ മിക്ക അംഗങ്ങളും കൊച്ചിയിൽ താമസിക്കുന്നതിനാൽ ആരും ഹിയറിങ്ങിന് പോകാൻ താല്പര്യം പ്രകടിപ്പിച്ചില്ല. ഡബ്ല്യുസിസിയിലെ ആരും ഹിയറിങ്ങിന് പോകാത്ത സാഹചര്യത്തിൽ ഞാൻ സ്വയം പോകാൻ തയ്യാറാവുകയായിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിനെക്കുറിച്ച് ശബ്ദം ഉയർത്തിയ വ്യക്തിയാണ് ഞാൻ. അങ്ങനെയുള്ള ഞാൻ എങ്ങനെയാണ് വില്ലത്തിയാകുന്നത്,’ എന്നാണ് രഞ്ജിനി പറയുന്നത്.

‘ഡബ്ല്യുസിസി എന്നത് നാൽപതോളം അംഗങ്ങൾ ഉൾപ്പെടുന്ന ഒരു സംഘടനയാണ്. എല്ലാവരും ഒന്നിച്ച് പോയി മൊഴി കൊടുത്താൽ ഡബ്ല്യുസിസിയുടെ അംഗങ്ങൾ മൊഴി നൽകുന്നു എന്ന് പറയാം. അല്ലാതെ ഒറ്റയ്ക്ക് മൊഴി കൊടുത്താൽ അതിനെ ഡബ്ല്യുസിസിയുടെ ഭാഗം എന്ന് എങ്ങനെ പറയാൻ സാധിക്കും. അന്ന് മൊഴി നൽകിയപ്പോൾ എന്റെ അനുഭവങ്ങൾ എല്ലാം പങ്കുവെച്ചിരുന്നു. എന്നെപോലെ പലരും ഇത്തരത്തിലുള്ള അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെന്നും വ്യക്തമാക്കിയിരുന്നു. രഞ്ജിനിക്ക് പോലും ഇത്തരം അനുഭവങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടോ എന്നതിലാണ് കമ്മിറ്റിക്ക് ഞെട്ടലുണ്ടായത്,’ എന്ന് രഞ്ജിനി പറഞ്ഞു.

‘ഞാൻ കരിയറിന്റെ പീക്ക് ടൈമിൽ ഇതൊന്നും സഹിക്കാൻ വയ്യാതെ സിനിമയിൽ നിന്ന് പോയതാണ്. ഇല്ലെങ്കിൽ ഞാൻ സിനിമയിൽ സജീവമായി നിൽക്കുമായിരുന്നു. ഓരോ ദിവസവും അവകാശങ്ങൾക്കായി പോരാടേണ്ട സ്ഥിതിയായിരുന്നു എനിക്ക്. നാളെ സിനിമ വ്യവസായത്തിലെ എന്റെ സഹോദരിമാർക്ക് ഇത്തരം അനുഭവങ്ങളുണ്ടാകരുത് എന്ന് കരുതിയാണ് ഞാൻ ഹിയറിങ്ങിന് പോയത്. എന്റെ സമകാലികരായ ഏതെങ്കിലും ഒരു അഭിനേത്രി മൊഴികൊടുക്കുമോ?,’ നടി ചോദിച്ചു.

മൊഴി നൽകിയവരെ ഡബ്ല്യുസിസി കൈവിട്ടുവെന്ന് നടി പറഞ്ഞു. ഡബ്ല്യുസിസി മൊഴി കൊടുത്തവരുടെ സുരക്ഷ ഉറപ്പാക്കും എന്ന് അവസാനം വരെ വിചാരിച്ചിരുന്നു. അതിനാലാണ് ഇതുവരെ മിണ്ടാതിരുന്നത്. ഈ ആഗസ്റ്റിൽ ഒരു കേസ് വന്നല്ലോ. അപ്പോഴാണ് മനസ്സിലായത് ഡബ്ല്യുസിസി സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചിരുന്നില്ല എന്ന്. കൺസൻ്റിൻ്റെ കാര്യം വനിതാ കമ്മീഷൻ പോലും പറഞ്ഞില്ല. ആ കാരണത്താലാണ് താൻ കോടതിയിൽ പോയത് എന്നാണ് രഞ്ജിനി പ്രതികരിച്ചത്.

Top