അടുക്കളയില്‍ ആഹാരം പാകം ചെയ്യുന്ന പല ആളുകളുടെയും പരാതിയാണ് മല്ലിയില വേഗം ചീഞ്ഞു പോകുന്നു എന്നത്. എന്നാല്‍ ഇനി വിഷമിക്കേണ്ട. മല്ലിയില വേരോടെയും അല്ലാതെയും കേടുവരാതെ കുറഞ്ഞത് ഒരു മാസത്തോളം ഫ്രിഡ്ജില്‍ സൂക്ഷിക്കാം.ഇറച്ചിക്കറി ഒക്കെ ഉണ്ടാക്കുമ്പോള്‍ ഒരു പിടി മല്ലിയില കൂടെ ചേര്‍ത്താല്‍ സ്വാദും മണവും ഇരട്ടിയാകും. പല വിഭവങ്ങളും തയ്യാറാക്കുമ്പോള്‍ വേണ്ട പ്രധാന ചേരുവയായി മല്ലിയില മാറിക്കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇന്ന് മിക്ക വീടുകളുടെയും അടുക്കളയില്‍ എപ്പോഴും ഇത് കാണാറുമുണ്ട്. മല്ലിയില വേരോടെയും അല്ലാതെയും ഇന്ന് നമുക്ക് വാങ്ങാന്‍ കിട്ടും. എന്നാല്‍ മല്ലിയില കേടാകാതെ സൂക്ഷിക്കാന്‍ ചിലരെങ്കിലും പാടുപെടുന്നതായി കാണാറുണ്ട്.
മല്ലിയില വാങ്ങി കഴിഞ്ഞാല്‍ കുറഞ്ഞത് ഒരു മാസമെങ്കിലും കേടുവരാതെ സൂക്ഷിക്കാന്‍ നിങ്ങള്‍ക്ക് ചെയ്യാവുന്ന ഒരു വിദ്യയുണ്ട്. മല്ലിയിലയുടെ വേരില്‍ എപ്പോഴും മണ്ണും അഴുക്കുമൊക്കെ ഉണ്ടാകും. ഇത് സൂക്ഷിക്കാന്‍ വേര് മുറിച്ച് കളയരുത്. വേരോടെയുള്ള മല്ലിയില വാങ്ങിയാല്‍ ആദ്യം ഈ അഴുക്കെല്ലാം കഴുകി വൃത്തിയാക്കണം. ശേഷം ഇലകളടക്കം കഴുകി വൃത്തിയാക്കുക. കഴുകി വൃത്തിയാക്കിയ ശേഷം ഇനി ഇത് നന്നായി ഉണങ്ങാന്‍ അനുവദിക്കണം. അതിനായി ഒരു പാത്രത്തിലോ പേപ്പറിലോ ഈ മല്ലിയില നന്നായി വിടര്‍ത്തിയിടുക ഇനി വേണ്ടത് വായു കടക്കാത്ത നല്ല അടച്ചുറപ്പുള്ള ഒരു ജാര്‍ ആണ്. കുറച്ച് നീളത്തില്‍ ഉള്ളതാണെങ്കില്‍ നല്ലത്. കാരണം ഇതിലേക്കാണ് മല്ലിയില ഇറക്കി വെയ്ക്കുന്നത്.
ഈ ജാര്‍ നന്നായി കഴുകി തുടച്ച് ഉണക്കിയെടുക്കണം. ജാറിലും അതിന്റെ അടപ്പിലും അല്പം പോലും വെള്ളം ഇല്ലെന്ന് ഉറപ്പാക്കുക. വെള്ളം ഉണ്ടെങ്കില്‍ മല്ലിയില പെട്ടന്ന് ചീഞ്ഞു പോകും. വേരോടെയുള്ള മല്ലിയില സൂക്ഷിക്കാനുള്ള ഈ വിദ്യയില്‍ വെള്ളം കുറച്ച് വേണം താനും. അതിനായി ജാറിലേക്ക് കുറച്ച് വെള്ളം ഒഴിച്ച് കൊടുക്കണം. മല്ലിയിലയുടെ വേര് മുങ്ങാന്‍ പാകത്തിനുള്ള അളവില്‍ വേണം വെള്ളം. എന്നാല്‍ ഈ വെള്ളം ജാറിലേക്ക് ഒഴിക്കുമ്പോള്‍ അതിന്റെ മറ്റുഭാഗങ്ങളില്‍ വെള്ളം പറ്റാതെ വേണം ഒഴിക്കാന്‍. ഇലകളില്‍ വെള്ളമിരുന്നാല്‍ വേഗം ചീഞ്ഞുപോകാന്‍ സാധ്യതയേറെയാണ്. ഇനി ഈ ജാറിലേയ്ക്ക് മല്ലിയില ഇറക്കി വെയ്ക്കാം. മല്ലിയിലയുടെ വേര് വെള്ളത്തില്‍ മുങ്ങുന്നത് പോലെ വേണം ഇറക്കി വെയ്ക്കാന്‍. അതിന് ശേഷം ജാറിന്റെ പുറത്തേയ്ക്ക് മല്ലിയില തള്ളി നില്‍ക്കുന്നുണ്ടെങ്കില്‍ അതെല്ലാം ജാറിനകത്തേയ്ക്ക് ആക്കി നന്നായി അടക്കണം.
ശ്രദ്ധിക്കുക മല്ലിയിലിയുടെ വേര് ഉള്ള ഭാഗത്തല്ലാതെ മറ്റ് ഭാഗങ്ങളിലേക്ക് വെള്ളം തട്ടാന്‍ പാടുള്ളതല്ല.ഈ ജാര്‍ ഇനി ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഏകദേശം ഒരു മാസത്തോളം വരെ മല്ലിയില ഇങ്ങനെ ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ വെച്ചാല്‍ നല്ല ഫ്രഷ് ആയതുപോലെ തന്നെ എപ്പോഴും ഈ ഇലകള്‍ ഉണ്ടാകും. ആവശ്യാനുസരണം ഉപയോഗിക്കാവുന്നതാണ്.ഇനി വേര് ഇല്ലാത്ത മല്ലിയിലയാണെങ്കില്‍ അത് സൂക്ഷിക്കാനും വഴിയുണ്ട്. ആദ്യം മല്ലിയില നന്നായി കഴുകി ഉണക്കിയെടുക്കണം. വെള്ളം ഒട്ടുമില്ല എന്ന് ഉറപ്പാക്കണം. ഉണങ്ങിയ ശേഷം ഒന്നുകില്‍ ഇത് പാചകത്തിന് ഉപയോഗിക്കുന്ന രീതിയില്‍ ചെറുതായി അരിഞ്ഞെടുക്കാം. അല്ലെങ്കില്‍ മുഴുവനായി തന്നെ സൂക്ഷിക്കാം. ഇത് സൂക്ഷിക്കാനും ആദ്യം വേണ്ടത് ഉണങ്ങിയ അടച്ചുറപ്പുള്ള ഒരു പാത്രമാണ്. ഈ പാത്രത്തിലേക്ക് മല്ലിയില എടുത്ത ശേഷം അതിന്റെ മുകളിലായി ഒരു ടിഷ്യു പേപ്പര്‍ വിരിക്കുക. ഇനി പാത്രം അടച്ച് ഫ്രിഡ്ജില്‍ സൂക്ഷിക്കാവുന്നതാണ്. ഒന്നോ രണ്ടോ ആഴ്ച മല്ലിയില ഫ്രഷ് ആയി സൂക്ഷിക്കാന്‍ സാഹായിക്കുന്ന മാര്‍ഗ്ഗമാണിത്. മല്ലിയിലയുടെ മുകളില്‍ ടിഷ്യൂ പേപ്പര്‍ വെക്കുന്നത് അധിക ഈര്‍പ്പം വലിച്ചെടുക്കാനാണ്.