ടെൻഷൻ നമ്മുടെ ജീവിതത്തിൽ ഒരു പുതിയ വാക്കല്ല. എന്നും ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ഓരോരുത്തരും ടെൻഷൻ അനുഭവിക്കുന്നവരാണ്. എന്നാൽ, ടെൻഷൻ മൂലം ഉണ്ടാകുന്ന ഉയർന്ന രക്തസമ്മർദ്ദത്തെ ആരും കാര്യമാക്കാറില്ല. ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദത്തെ അവഗണിക്കുന്നത് നമ്മുടെ ആരോഗ്യത്തെ മോശമായി ബാധിക്കും. മാനസിക സമ്മർദ്ദം, അമിതമായ ഉപ്പിൻറെ ഉപയോഗം, അമിത വണ്ണം, പുകവലി, മദ്യപാനം, തുടങ്ങിയവ രക്തസമ്മർദ്ദം വർദ്ധിപ്പിക്കാം. രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ഭക്ഷണരീതിയിൽ മാറ്റങ്ങൾ വരുത്തേണ്ടത് അത്യാവശ്യമാണ്.
നേന്ത്രപ്പഴം, ബീറ്റ്റൂട്ട്, തണ്ണിമത്തൻ, ചീര, സിട്രസ് പഴങ്ങൾ, ക്യാരറ്റ് എന്നിവ ഹൈപ്പർടെൻഷൻ അല്ലെങ്കിൽ ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്ന പഴങ്ങളും പച്ചക്കറികളുമാണ്. പൊട്ടാസ്യത്തിൻറെ വലിയ കലവറയാണ് നേന്ത്രപ്പഴം. കൂടാതെ മഗ്നീഷ്യവും ഇതിൽ അടങ്ങിയിരിക്കുന്നു. അതിനാൽ ഇവ കഴിക്കുന്നത് രക്തസമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ബീറ്റ്റൂട്ടിൽ നൈട്രേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് രക്തക്കുഴലുകളെ വിശ്രമിക്കാനും രക്തയോട്ടം മെച്ചപ്പെടുത്താനും രക്തസമ്മർദ്ദത്തെ കുറയ്ക്കാനും സഹായിക്കും.
ഫൈബറുകളും, വിറ്റാമിൻ സിയും, പൊട്ടാസ്യവും അടങ്ങിയ തണ്ണിമത്തൻ ഡയറ്റിൽ ഉൾപ്പെടുത്തുന്നതും രക്തസമ്മർദ്ദത്തെ കുറയ്ക്കാൻ സഹായിക്കും. ചീരയിൽ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ് തുടങ്ങിയവ ഹൈപ്പർടെൻഷൻ അഥവാ ഉയർന്ന രക്തസമ്മർദ്ദത്തെ കുറക്കുന്നു. ഓറഞ്ച്, നാരങ്ങ തുടങ്ങിയ സിട്രസ് പഴങ്ങൾ കഴിക്കുന്നതും രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാൻ ഗുണം ചെയ്യും. പൊട്ടാസ്യം ധാരാളം അടങ്ങിയ ഒരു പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ബീറ്റാ കരോട്ടിൻ, ഫൈബർ തുടങ്ങിയവ അടങ്ങിയതാണ് ക്യാരറ്റ്. അതിനാൽ ക്യാരറ്റ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ഉയർന്ന രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും.