CMDRF

പ്രവാസികള്‍ക്ക് പ്രോജക്ട് വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം

നവംബര്‍ മൂന്നു മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം

പ്രവാസികള്‍ക്ക് പ്രോജക്ട് വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം
പ്രവാസികള്‍ക്ക് പ്രോജക്ട് വിസയില്‍ നിന്ന് സ്വകാര്യ മേഖലയിലേക്ക് മാറാം

കുവൈത്ത് : രാജ്യത്ത് പ്രോജക്ട് വിസയില്‍ ജോലി ചെയ്യുന്നവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി വിസ ട്രാന്‍സ്ഫര്‍ അനുവദിക്കുന്നു. സര്‍ക്കാര്‍-പൊതുമേഖല കമ്പനികളിലെ വിവിധ പ്രൊജക്ടുകളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് സ്വകാര്യ മേഖലയിലേക്ക് വിസ മാറുന്നതിനാണ് അനുവാദം. നവംബര്‍ മൂന്നു മുതല്‍ ഇതിനായുള്ള അപേക്ഷകള്‍ സമര്‍പ്പിക്കാം. നിബന്ധനകള്‍ക്ക് വിധേയമായാണ് വിസ മാറ്റത്തിന് അവസരം. പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവര്‍ ഇതിനായുള്ള നിര്‍ദിഷ്ട വ്യവസ്ഥകള്‍ വ്യക്തമാക്കി.

സര്‍ക്കാര്‍ കരാറോ പദ്ധതിയോ അവസാനിപ്പിച്ചാല്‍ മാത്രമേ തൊഴിലാളികള്‍ക്ക് വിസ മാറ്റം അനുവദിക്കൂ. പ്രൊജക്ട് പൂര്‍ത്തിയായെന്നും തൊഴിലാളികളുടെ ആവശ്യമില്ലെന്നും സ്ഥിരീകരിക്കുന്ന ഔദ്യോഗിക കത്ത് തൊഴിലുടമ പബ്ലിക് അതോറിറ്റി ഫോര്‍ മാന്‍പവറിന് നല്‍കണം. വിസ ട്രാന്‍സ്ഫറിനായി അപേക്ഷിക്കുന്ന തൊഴിലാളികള്‍ പ്രോജക്ടിനൊപ്പം കുറഞ്ഞത് ഒരു വര്‍ഷത്തെ തൊഴില്‍ പൂര്‍ത്തിയാക്കിയിരിക്കണം.

ട്രാന്‍സ്ഫറിന് തൊഴിലാളികള്‍ നിലവിലെ തൊഴിലുടമയില്‍ നിന്ന് അംഗീകാരവും നേടിയിരിക്കണം. ട്രാന്‍സ്ഫര്‍ പ്രക്രിയക്ക് 350 ദീനാര്‍ ചെലവ് ഈടാക്കും. നവംബര്‍ മൂന്നു മുതലാണ് നിയമം പ്രാബല്യത്തില്‍ വരിക. ഇന്ത്യക്കാര്‍ ഉള്‍പ്പടെയുള്ള പ്രവാസികള്‍ക്ക് പുതിയ തീരുമാനം ഏറെ ആശ്വാസകരമാകും.

Top