CMDRF

സുരക്ഷിതരായി തിരിച്ചെത്താൻ കഴിയും; ബഹിരാകാശത്ത് സുനിതയുടെ വാർത്താസമ്മേളനം

സുരക്ഷിതരായി തിരിച്ചെത്താൻ കഴിയും; ബഹിരാകാശത്ത് സുനിതയുടെ വാർത്താസമ്മേളനം
സുരക്ഷിതരായി തിരിച്ചെത്താൻ കഴിയും; ബഹിരാകാശത്ത് സുനിതയുടെ വാർത്താസമ്മേളനം

വാഷിങ്ടൺ: സുരക്ഷിതരായി ഭൂമിയിൽ തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച് നാസാ ശാസ്ത്രജ്ഞരായ സുനിതാ വില്യംസും ബുച്ച് വിൽമോറും. അന്താരാഷ്ട്ര ബഹിരാകാശനിലയത്തിൽ (ഐ.എസ്.എസിൽ) നിന്നു ബുധനാഴ്ച നടത്തിയ തത്സമയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്. ജൂൺ അഞ്ചിനാണ് ഇരുവരും ഐ.എസ്.എസിൽ പോയത്. രണ്ടാഴ്ച തങ്ങി തിരിച്ചുവരാനുദ്ദേശിച്ചായിരുന്നു യാത്ര. എന്നാൽ, സ്റ്റാർലൈനറിലെ ഹീലിയം ചോർച്ചയും മറ്റു തകരാറുകളും കാരണം തിരിച്ചുവരവ് മുടങ്ങി. ഐ.എസ്.എസിൽ കൂടുതലായി കഴിയുന്ന സമയം പരീക്ഷണങ്ങളുമായി ആസ്വദിക്കുകയാണെന്ന് സുനിത പറഞ്ഞു.

നിലയത്തിലേക്കുള്ള യാത്രയ്ക്കിടെ സ്റ്റാർലൈനർ പേടകത്തിന്റെ ത്രസ്റ്ററുകൾക്ക് തകരാർ സംഭവിക്കാനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് സാങ്കേതിക വിദഗ്ദർ. അതിനുള്ള ഉത്തരം ലഭിച്ചാൽ മാത്രമേ പേടകം അൺഡോക്ക് ചെയ്ത് തിരിച്ചിറങ്ങാനാവൂ. നിലവിൽ നിലയത്തിലുണ്ടായിരുന്ന മറ്റ് സഞ്ചാരികൾക്കൊപ്പം ദൈനംദിന പ്രവർത്തനങ്ങളിൽ സുനിത വില്യംസും വിൽമോറും പങ്കാളികളാണ്. നിലവിൽ പേടകം തിരിച്ചിറക്കാനുള്ള പുതിയ തീയ്യതി നാസ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ജൂലായ് അവസാനത്തോടെ തിരിച്ചിറങ്ങാനാകുമെന്നാണ് പ്രതീക്ഷ.

പേടകത്തിന് താഴെയുള്ള സിലിണ്ടർ രൂപത്തിലുള്ള സർവീസ് മോഡ്യൂളിലാണ് വാതക ചോർച്ചയും ത്രസ്റ്ററുകളുടെ പ്രശ്നങ്ങളും ഉള്ളത്. നിലയത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് ഇത് സംഭവിച്ചത്. അതിനുള്ള കാരണം കണ്ടുപിടിച്ചെങ്കിൽ മാത്രമേ ഇനി നിർമിക്കുന്ന പേടകങ്ങളിൽ ആ പ്രശ്നങ്ങൾ പരിഹരിക്കാനാവൂ. ഇത് പേടകത്തിന്റെ, ഒരു പരീക്ഷണ ദൗത്യം കൂടിയാണെന്ന് ഓർക്കണം.

പേടകത്തിന്റെ ബഹിരാകാശത്തെ സഞ്ചാരത്തിനുള്ള ഊർജം നൽകുന്നത് സർവീസ് മോഡ്യൂളാണ്. പേടകം തിരിച്ചിറങ്ങുമ്പോൾ ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിച്ചു കഴിഞ്ഞാൽ ഈ സർവീസ് മോഡ്യൂൾ കത്തിച്ചാമ്പലാവുകയും പേടകം മാത്രം പാരച്യൂട്ടുകളുടെ സഹായത്തോടെ സുരക്ഷിതമായി ഇറങ്ങുകയും ചെയ്യുന്ന വിധത്തിലാണ് ഇതിന്റെ രൂപകൽപന. അക്കാരണത്താൽ സർവീസ് മോഡ്യൂളിലെ പ്രശ്‌നം ഭൂമിയിൽ തിരിച്ചെത്തിച്ച് പരിശോധിക്കാനാവില്ല. അതിനാലാണ് പേടകം നിലയത്തിൽ തന്നെ നിർത്തി അവിടെ നിന്ന് പ്രശ്നങ്ങൾ പഠിക്കുന്നത്. മൂന്ന് മാസം വരെ ദൗത്യത്തിന്റെ സമയം ദീർഘിപ്പിക്കുമോ എന്ന് ഉറപ്പില്ല.

Top