ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും; പ്രാണ 2.0

ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും; പ്രാണ 2.0
ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും; പ്രാണ 2.0

യുഎസിലെ ശ്രീവരു ഹോള്‍ഡിംഗ്സ് 15 മില്യണ്‍ യുഎസ് ഡോളര്‍ മുതല്‍മുടക്കില്‍ ആരംഭിച്ച കമ്പനിയാണ് ശ്രീവരു മോട്ടോര്‍സ്. കമ്പനിയുടെ ആദ്യ ഉല്‍പ്പന്നമായിരുന്ന പ്രാണ 2021ലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. നിരവധി ഗവേഷണ-പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷമാണ് മോഡലിന്റെ നവീകരിച്ച പതിപ്പായ പ്രാണ 2.0 വിപണിയില്‍ എത്തിയിരിക്കുന്നത്.

ഇതിന്റെ പ്രാരംഭ വില 2,55,150 രൂപയാണ്. ചെന്നൈ എക്‌സ്ഷോറൂം വിലയാണിത്. ഈ ഇലക്ട്രിക് ബൈക്കിന് ഫുള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ വരെ സഞ്ചരിക്കാനാകും. പ്രതിവര്‍ഷം പ്രാണ 2.0 ബൈക്കിന്റെ ഏകദേശം 10,000 യൂണിറ്റ് വില്‍ക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പുതിയ പ്രാണ 2.0 ഇലക്ട്രിക് ബൈക്ക് ഗ്രാന്‍ഡ് എലൈറ്റ് എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ഇന്ത്യയില്‍ ലഭ്യമാകും. എലൈറ്റ് വേരിയന്റിന് 3.20 ലക്ഷം രൂപയാണ് വില വരുന്നത്. ബൈക്കിനായുള്ള ബുക്കിംഗ് ആരംഭിച്ച് കഴിഞ്ഞു. പ്രാണ 2.0 വാങ്ങാന്‍ താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി നേരിട്ട് ബൈക്ക് ബുക്ക് ചെയ്യാം.

അഗ്രസീവ് ലുക്കിലുള്ള ഹെഡ്‌ലൈറ്റും മസ്‌കുലര്‍ ടാങ്ക് എക്സ്റ്റന്‍ഷനുമുള്ള ഒരു സ്ട്രീറ്റ് ഫൈറ്റര്‍ ഡിസൈനാണ് പ്രാണ 2.0 ഇ-ബൈക്കിന് ലഭിക്കുന്നത്. ഒതുക്കമുള്ള ടെയില്‍ സെക്ഷനോടുകൂടിയ സ്പ്ലിറ്റ് സീറ്റ് സജ്ജീകരണം ലഭിക്കുന്നതിനാല്‍ ബൈക്കിന്റെ ഫ്രണ്ടിന് ഹെവി ലുക്ക് നല്‍കുന്നു. പ്രാണ 2.0 ഇ-ബൈക്കിന്റെ രണ്ട് വേരിയന്റുകള്‍ക്കും 38 Nm ടോര്‍ക്ക് ഔട്ട്പുട്ട് നല്‍കുന്ന 10kW മോട്ടോറാണ് ലഭിക്കുന്നത്. മണിക്കൂറില്‍ 123 കിലോമീറ്ററാണ് പരമാവധി വേഗത. പ്രാക്ടീസ്, ഡ്രൈവ്, സ്പോര്‍ട്സ്, റിവേഴ്സ് എന്നിങ്ങനെ നാല് റൈഡിംഗ് മോഡുകള്‍ ഇതില്‍ വരുന്നു. ഗ്രാന്‍ഡ്, എലൈറ്റ് വേരിയന്റുകള്‍ തമ്മിലുള്ള പ്രധാന വ്യത്യാസം ബാറ്ററി . ഗ്രാന്‍ഡ് വേരിയന്റില്‍ 5 kWh ബാറ്ററി പായ്ക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന് 150 കിലോമീറ്റര്‍ ആണ് ക്ലെയിംഡ് റേഞ്ച്.

8.44 kWh ബാറ്ററി പായ്ക്കുമായി വരുന്ന എലൈറ്റ് വേരിയന്റ് ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 250 കിലോമീറ്റര്‍ ദൂരം ഓടുമെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. ഗ്രാന്‍ഡിന്റെ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 5 മണിക്കൂര്‍ മതി. അതേസമയം എലൈറ്റിന്റെ വലിയ ബാറ്ററി മുഴുവനായി ചാര്‍ജ് ചെയ്യാന്‍ 8 മണിക്കൂര്‍ വേണം. ഡ്യൂവല്‍ ക്രാഡില്‍ ഫ്രെയിമിലാണ് പ്രാണ 2.0 നിര്‍മ്മിച്ചിരിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപ്പിക് ഫോര്‍ക്കും പിന്നില്‍ മോണോഷോക്കും സസ്പെന്‍ഷന്‍ ചുമതലകള്‍ നിര്‍വഹിക്കുന്നു. 110-സെക്ഷന്‍ ഫ്രണ്ട്, 140-സെക്ഷന്‍ റിയര്‍ ടയറുകളുള്ള 17 ഇഞ്ച് അലോയ് വീലുകളിലാണ് ബൈക്ക് ഓടുക. മുന്‍വശത്ത് 275 mm ഡ്യുവല്‍ ഡിസ്‌കും പിന്നില്‍ 220 mm ഡിസ്‌ക്കും ബ്രേക്കിംഗ് ചുമതലകള്‍ കൈകാര്യം ചെയ്യുന്നു. ഫീച്ചര്‍ വശം നോക്കുമ്പോള്‍ പ്രാണ 2.0 ഇ-ബൈക്കിന് 4.3 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ ലഭിക്കുന്നു. ഈ ഡിസ്പ്ലേയില്‍ സ്പീഡ്, ബാറ്ററി ലെവല്‍, ട്രിപ്പ്, ഓഡോമീറ്റര്‍ റീഡൗട്ടുകള്‍ എന്നിവ പോലുള്ള വാഗ്ദാനം ചെയ്യുന്നു. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും അനുബന്ധ ഫീച്ചറുകളും കണ്‍സോള്‍ വാഗ്ദാനം ചെയ്യുന്നു. ഇന്‍ബില്‍റ്റ് ജിപിഎസ് സംവിധാനവും ഇതിലുണ്ട്. അള്‍ട്രാവയലറ്റ് F77 മാക് 2 ആണ് ശ്രീവരു പ്രാണ 2.0 ഇലക്ട്രിക് ബൈക്കിന്റെ എതിരാളി. അള്‍ട്രാവയലറ്റ് മോഡല്‍ 2,99,000 രൂപ എക്‌സ്‌ഷോറൂം വിലയിലാണ് ലഭ്യമാകുക.

Top