CMDRF

സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ? ; വിവിപാറ്റ് വിഷയത്തില്‍ സുപ്രീം കോടതി

സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ? ; വിവിപാറ്റ് വിഷയത്തില്‍ സുപ്രീം കോടതി
സംശയത്തിന്റെ അടിസ്ഥാനത്തില്‍ നിര്‍ദേശം നല്‍കാനാകുമോ? ; വിവിപാറ്റ് വിഷയത്തില്‍ സുപ്രീം കോടതി

ഡല്‍ഹി: വ്യക്തമായ തെളിവുകളില്ലാതെ സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം വോട്ടിങ് മെഷീന്‍ സംബന്ധിച്ച് എങ്ങനെ നിര്‍ദേശം നല്‍കാനാകുമെന്ന് സുപ്രീംകോടതി. വിവിപാറ്റിലെ മുഴുവന്‍ സ്ലിപ്പുകളും എണ്ണണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചോദ്യം. ഇത് സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഉദ്യോഗസ്ഥരുടെ വിശദീകരണംകേട്ട കോടതി ഹര്‍ജി വിധി പറയാനായി മാറ്റി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്ന ദിപാങ്കര്‍ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് വാദംകേട്ടത്.

വിവിപാറ്റ് മെഷിനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് കമ്മിഷനോട് കോടതി വിശദീകരണം തേടിയിരുന്നു. ഒരു സാഹചര്യത്തിലും വോട്ടിങ്മെഷിനില്‍ കൃത്രിമം നടത്താന്‍ സാധിക്കില്ലെന്നും നൂറ് ശതമാനം വിവിപാറ്റ് സ്ലിപ്പുകള്‍ എണ്ണുക എന്നത് പ്രായോഗികമല്ലെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കുകയുണ്ടായി. കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ്, ബാലറ്റ് യൂണിറ്റ് എന്നിവയടങ്ങിയടതാണ് വോട്ടിങ്മെഷീന്‍. ഇതിലെ ഓരോ യൂണിറ്റിലും ഒറ്റത്തവണ മാത്രമേ മൈക്രോ കണ്‍ട്രോളര്‍ ഉപയോഗിച്ച് പ്രോഗ്രാം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും കമ്മിഷന്‍ വിശദീകരിച്ചു.

റീ പ്രോഗ്രാം ചെയ്യാന്‍ സാധിക്കില്ലെന്ന് പറയുന്നത് തെറ്റാണെന്ന് അഭിഭാഷകനായ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടിയെങ്കിലും തെരഞ്ഞെടുപ്പ് കമ്മിഷന്റെ സാങ്കേതിക റിപ്പോര്‍ട്ടില്‍ വിശ്വാസമുണ്ടെന്ന് കോടതി പറഞ്ഞു. വോട്ടെടുപ്പ് നിയന്ത്രിക്കാന്‍ കോടതിക്ക് അധികാരം ഇല്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. മറ്റൊരു ഭരണഘടന സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷനാണ് വോട്ടെടുപ്പ് നടത്താനുള്ള അധികാരമെന്നും കോടതി ചൂണ്ടിക്കാട്ടി.

Top