ഇസ്രയേലിന്റെ അക്രമവെറിയില്‍ ഗാസാ മുനമ്പ് യുദ്ധക്കളമാകുമ്പോള്‍ കൂട്ടക്കുരുതിക്ക് അന്ത്യമില്ലേ എന്നാണ് ലോകം ചോദിക്കുന്നത്. സമാധാന ചര്‍ച്ചകളുടെ ബഹളങ്ങള്‍ക്കിടയിലാണ് യുദ്ധകൊതിയന്‍മാരായ അമേരിക്കയുടെ പേര് ഉയര്‍ന്ന് തുടങ്ങിയത്. ഇതിനിടയില്‍ തലവനെ കൊലപ്പെടുത്തിയതില്‍ ഇസ്രായേലിനെതിരെ പോര്‍വിളിയുമായി പുതിയ ഒരു യുദ്ധത്തിന് ഇറാന്‍ വഴിതുറന്നപ്പോള്‍ ഇസ്രയേലിനുള്ള രക്ഷകനായി രംഗപ്രവേശനം ചെയ്തിരിക്കുകയാണ് അമേരിക്ക.
അമേരിക്കയുടെ പിന്തുണയില്‍ ഇസ്രയേലിലേക്കെത്തുന്ന കാനഡയുടെ സഹായവും ചെറുതല്ല. സ്വന്തം നാട്ടിലെ ജനങ്ങളുടെ പ്രതിഷേധം പോലും വകവെക്കാതെ ഇസ്രയേലിനെ സഹായിക്കാനിറങ്ങി പുറപ്പെട്ട കാനഡയാണ് ഇപ്പോള്‍ നടുക്കടലിലായിരിക്കുന്നത്. യുഎൻ ആയുധ വ്യാപാര ഉടമ്പടി പ്രകാരം നിയമവിരുദ്ധമായാണ് കാനഡ ആയുധങ്ങൾ ഇസ്രയേലിന് കൈമാറുന്നത്. കാനഡയുടെ വിവിധ കോണുകളിലായി ഇതിനെതിരെ കനേഡിയൻ ജനത വലിയ പ്രതിഷേധങ്ങളാണ് നടത്തുന്നത്. നേരിട്ടുള്ള കയറ്റുമതിക്ക് പുറമേ, ഗാസയിൽ ഉടനീളമുള്ള ബോംബിംഗ് കാമ്പെയ്‌നിൽ അടക്കം പല സാങ്കേതികവിദ്യയും കാനഡയുടെ വകയുണ്ട്. യുഎസുമായുള്ള ദീർഘകാല ആയുധ കയറ്റുമതി വ്യവസ്ഥയിൽ കോട്ടം തട്ടാതിരിക്കാൻ ട്രൂഡോ സർക്കാർ നടത്തുന്ന ഈ ആയുധ കയറ്റുമതിക്ക് രാജ്യത്തുയരുന്ന പ്രതിഷേധ സ്വരങ്ങൾ ഒന്നും തന്നെ സർക്കാർ വകവെക്കുന്നില്ല. രാഷ്ട്രീയ നിരീക്ഷകർ അടക്കം പ്രതിഷേധവുമായി രംഗത്ത് വന്നിട്ടുണ്ടെങ്കിലും അമേരിക്കയുമായുള്ള പ്രത്യേക പ്രതിരോധ ബന്ധത്തിൽ ഗുണമുള്ള കാനഡക്ക് ഈ ബന്ധത്തിൽ കോട്ടം തട്ടാതെ നോക്കേണ്ടത് അത്യാവിശ്യമാണ്. കാനഡയിലെ പ്രധാന സർവ കലാശാലകളിലടക്കം വിദ്യാർത്ഥികൾ പലസ്തീൻ അനൂകൂല പ്രതിഷേധ പ്രകടനങ്ങൾ നടത്തിയിരുന്നു. യുഎസ് കാമ്പസുകളിൽ നൂറുകണക്കിന് ആളുകളെ പ്രതിഷേധത്തിന്റെ ഭാഗമായി പൊലീസ് അറസ്റ്റ് ചെയ്യുകയും, കൊളംബിയ സർവകലാശാല പ്രസിഡന്റ് മൗനൂഷ് ഷാഫിക് പ്രതിഷേധത്തിന്റെ സമ്മർദം താങ്ങാനാവാതെ രാജിവെച്ചതിന്റെയും ഇടയിലാണ് കാനഡയിലും പ്രതിഷേധം ശക്തമാകുന്നത്.
ഇസ്രയേല്‍ അനുകൂല നിലപാടുകള്‍ സ്വീകരിക്കുന്ന കാനഡയ്ക്ക് രാജ്യം സ്ഥാപിതമായത് മുതല്‍ ഇസ്രയേലുമായി അടുത്ത ബന്ധമാണുള്ളത്. എന്നാല്‍ അമേരിക്കയുടെ മുന്നില്‍ പിടിച്ച് നില്‍ക്കാനുള്ള കാനഡയുടെ ഒരു അടവ് കൂടിയാണ് ഇസ്രയേലിനോടുള്ള ഈ സ്‌നേഹം. കനേഡിയന്‍ മനുഷ്യാവകാശ വക്താക്കള്‍ ഇസ്രായേലിലേക്കുള്ള ആയുധ വില്‍പ്പന അവസാനിപ്പിക്കാന്‍ ഗവണ്‍മെന്റിന്മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെങ്കിലും ട്രൂഡോ സര്‍ക്കാര്‍ അത് അവസാനിപ്പിക്കാന്‍ തയ്യാറല്ല. ഏറ്റവും വലിയ സഖ്യ കക്ഷിയെ പിണക്കാനുള്ള മടി തന്നെ കാരണം. അമേരിക്കയെ പ്രീതിപ്പെടുത്താന്‍ കാനഡ ഇസ്രയേലിനെ സഹായിക്കുമ്പോള്‍ കാനഡയുടെ രാഷ്ട്രീയ മുതലെടുപ്പ് കൂടിയാണ് ഇതിനിടയിലൂടെ നടക്കുന്നത്.
ഹമാസ് നേതാവിന്റെയും, പലസ്തീന്‍ മുന്‍ പ്രധാനമന്ത്രിയുടെയും കൊലപാതകത്തിന്റെ പഴി ഇസ്രയേലിന് നല്‍കുമ്പോള്‍ ശരിക്കും ഇതിന്റെ മാസ്റ്റര്‍ ബ്രെയ്ന്‍ അമേരിക്കയാണെന്ന വാദമാണ് ഇറാനെ പുതിയൊരു യുദ്ധത്തിന് പ്രേരിപ്പിച്ചത്. അമേരിക്കയുടെ പിന്തുണയോടെ ഇസ്രയേല്‍ നടത്തിയ കൊലപാതകത്തില്‍ അരിശംപൂണ്ട ഇറാന്‍ പഴയ യുദ്ധമുറകളൊന്നും മറന്ന് കാണാന്‍ വഴിയില്ല. വര്‍ഷങ്ങളായി തുടരുന്ന ഇറാന്‍- ഇസ്രയേല്‍ കുടിപ്പകയില്‍ ഇറാന്റെ പരോക്ഷമായ വെല്ലുവിളി സ്വീകരിച്ച് യുദ്ധമുഖത്ത് സാന്നിധ്യം പ്രകടിപ്പിക്കാന്‍ തയ്യാറെടുക്കുന്ന അമേരിക്കയുടെ വിലയിരുത്തല്‍, ഇറാന്റെ ഭാഗത്തുനിന്നും ശക്തമായ പ്രത്യാക്രമണമുണ്ടാക്കില്ല എന്നാണ്. ഇത്തരം സാഹചര്യങ്ങളിലാണ് പല നാണംകെട്ട തോല്‍വിളികളും ചരിത്രത്തില്‍ തങ്ങള്‍ക്കുണ്ട് എന്ന കാര്യം അമേരിക്ക മറക്കുന്നത്.
രണ്ടും കല്‍പ്പിച്ചാണ് ഇറാന്റെ വരവ്. ആക്രമണമുണ്ടാവുമെന്നുറപ്പായതോടെ ജനങ്ങളോട് മുന്‍കരുതലെടുത്ത് നില്‍ക്കാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കൊടുത്തതിനെല്ലാമുള്ള തിരിച്ചടികള്‍ കിട്ടുമ്പോള്‍ ഒരുപക്ഷേ അമേരിക്കയുടെ രക്ഷാകവചം ഇസ്രയേലിനെ തുണച്ചെന്ന് വരില്ല. ആവശ്യത്തിന് ഭക്ഷണവും വെള്ളവും കരുതി യുദ്ധത്തിനൊരുങ്ങുമ്പോള്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലാത്ത ആയുധങ്ങള്‍ ഇസ്രയേലിനു നേരെ പ്രയോഗിക്കുമെന്ന ഇറാന്റെ ഭീഷണി ഭീതിയോടെ തന്നെയാണ് ഇസ്രയേല്‍ സ്വീകരിച്ചത്. യുഎസ് നിര്‍മിത എഫ്-16, എഫ്-15, എഫ്-35 യുദ്ധവിമാനങ്ങളുടെ വ്യൂഹം കരുത്തുപകരുമെന്ന വിശ്വാസം ഇസ്രയേലിനെ രക്ഷിക്കട്ടെ. ഇറാനെതിരായ പ്രത്യാക്രമണത്തില്‍ യുഎസ് പങ്കെടുക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു വ്യക്തമാക്കിയിരുന്നെങ്കിലും ഇത്രയും സൈനീക സന്നാഹങ്ങളുടെ അകമ്പടി അമേരിക്കയുടെ പങ്കാളിത്തം വ്യക്തമാക്കുന്നുണ്ട്.
ഒരു കാരണത്താലും പിന്നോട്ട് പോകാന്‍ ഇറാന്‍ പദ്ധതിയിടുന്നില്ല. തിരിച്ചടിയല്ലാതെ മറ്റ് വഴികളൊന്നും സ്വീകരിക്കുന്നുമില്ല. സംഘര്‍ഷത്തില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന പാശ്ചാത്യരാജ്യങ്ങളുടെ ആവശ്യമടക്കം നിരസിച്ച ഇറാന്റെ പ്രതികരണം അത്തരം ആവശ്യങ്ങള്‍ക്ക് രാഷ്ട്രീയ യുക്തിയില്ലെന്നാണ്. കൂടാതെ ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന മനുഷ്യക്കുരുതിയിലും പശ്ചിമേഷ്യയിലെ മറ്റ് ഭാഗങ്ങളില്‍ നടത്തുന്ന വിവിധ ആക്രമണങ്ങളിലും നിശ്ശബ്ദരായിരിക്കുന്ന പാശ്ചാത്യ രാജ്യങ്ങള്‍ തങ്ങളോട് മാത്രം പിന്‍മാറാന്‍ പറയേണ്ടെന്നുമാണ് ഇറാന്റെ നിലപാട്. മറ്റൊരു യുദ്ധമുഖത്തിന് കൂടി ലോകം സാക്ഷിയാകാനൊരുങ്ങുമ്പോള്‍ അതിശക്തമായ ഇറാന്റെ അടിയില്‍ പതറാന്‍ പോകുന്നത് ലോകത്തിലെ സാമ്രാജ്യത്വ ശക്തികളെന്ന തലപ്പാവ് കൊണ്ടുനടക്കുന്ന വമ്പന്‍മാരായിരിക്കും.
REPORT : ANURANJANA KRISHNA .S