ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പുതിയ നീക്കങ്ങളുമായി കാനഡ. രാജ്യത്തെ സിഖ് സമൂഹത്തോട് വിവരങ്ങള്‍ പങ്കുവെയ്ക്കാന്‍ കനേഡിയന്‍ പോലീസ് ആവശ്യപ്പെട്ടു. കൊലപാതകം, ഭീഷണിപ്പെടുത്തല്‍ എന്നിവയുള്‍പ്പെടെ കനേഡിയന്‍ മണ്ണിലെ അക്രമ പ്രവര്‍ത്തനങ്ങളിലെ ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടൽ തെളിയിക്കാൻ സാധിക്കുന്ന വിവരങ്ങള്‍ നല്‍കാനാണ് റോയല്‍ കനേഡിയന്‍ മൗണ്ടഡ് പോലീസ് (ആര്‍.സി.എം.പി.) തലവന്‍ മൈക്ക് ദുഹോം നിര്‍ദേശിച്ചിരിക്കുന്നത്.
നിജ്ജറുടെ കൊലപാതകവുമായി ബന്ധപ്പെട്ട് കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്രബന്ധം വഷളാകുന്നതിനിടെയാണ് കനേഡിയന്‍ പോലീസിന്റെ പുതിയ നീക്കം. അതേസമയം, നിജ്ജര്‍ കൊലപാതകത്തേയും ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരേയും ബന്ധപ്പെടുത്തുന്ന തെളിവുകള്‍ പുറത്തുവിടാന്‍ കാനഡയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല.
Also Read: നിജ്ജാർ വധം: ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്ന് യു.എസ്
കഴിഞ്ഞ ദിവസം ഇന്ത്യയിലെ കനേഡിയന്‍ പ്രതിനിധിയെ വിദേശകാര്യ മന്ത്രാലയം വിളിപ്പിച്ചിരുന്നു. ഇതിനുപുറമെ കാനഡയിലെ ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികളെ തിരിച്ചുവിളിക്കാന്‍ ഇന്ത്യയും തീരുമാനെടുത്തിരുന്നു. കാനഡയിലുള്ള ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘവുമായി ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടെന്ന് കഴിഞ്ഞാഴ്ച്ച നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ മൈക്ക് ദുഹോം ആരോപിച്ചിരുന്നു.
നിജ്ജറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യന്‍ ഏജന്റുകളാണെന്ന കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ആരോപണങ്ങളാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര പ്രതിസന്ധിയിലേക്ക് നയിച്ചത്. ഈ ആരോപണങ്ങള്‍ തള്ളുന്ന നിലപാടുമായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയവും രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നേട്ടത്തിനുവേണ്ടിയാണ് കനേഡിയന്‍ പ്രധാനമന്ത്രി ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് ഇന്ത്യ വ്യക്തമാക്കി.