മലപ്പുറം: കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്തെ കനാല്‍ നിറഞ്ഞ് വീടുകളുടെ മുറ്റത്ത് വെള്ളം കയറി. വിമാനത്താവളത്തിന്റെ വളപ്പിലെ വെള്ളമാണ് കനാലില്‍ എത്തുന്നത്. വിമാനത്താളത്തിന്റെ ചുറ്റുമതില്‍ കഴിഞ്ഞ ഒക്ടോബറില്‍ തകര്‍ന്നിരുന്നു. മതില്‍ പുനഃസ്ഥാപിക്കാത്തതിനാല്‍ വലിയ തോതിലാണ് വെള്ളം ഒഴുകി വരുന്നത്.
നാല് വിമാനങ്ങളാണ് മഴയും മൂടല്‍മഞ്ഞും കാരണം സുരക്ഷാ ക്രമീകരണത്തിന്റെ ഭാഗമായി നെടുമ്പാശ്ശേരിയിലേക്കും കോയമ്പത്തൂരിലേക്കും തിരിച്ചുവിട്ടിരുന്നത്. 11 മണിവരെ തടസം നേരിട്ടേക്കുമെന്നായിരുന്നു ലഭിച്ച വിവരം. നേരത്തെ വിമാനങ്ങള്‍ വൈകാനും സാധ്യതയുണ്ടെന്ന് അറിയിച്ചിരുന്നു. കരിപ്പൂരില്‍ നിന്ന് പുറപ്പെടാനുള്ള ദോഹ, ബഹ്‌റൈന്‍ വിമാനങ്ങളാണ് വൈകുക. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് കരിപ്പൂരില്‍ നിന്നും വിവിധയിടങ്ങളിലേക്ക് തിരിച്ചുവിട്ട വിമാനങ്ങള്‍ തിരിച്ചെത്തി.