CMDRF

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്

കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്
കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍; രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോങ്

ഡല്‍ഹി: കാന്‍സറിന് കാരണമാകുന്ന രാസവസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് രണ്ട് പ്രമുഖ ഇന്ത്യന്‍ മസാല ബ്രാന്‍ഡുകളെ നിരോധിച്ച് ഹോങ്കോണ്ട്. എംഡിഎച്ച്, എവറസ്റ്റ് എന്നീ ബ്രാന്‍ഡുകളുടെ ഉല്‍പ്പന്നങ്ങളെയാണ് ഹോങ്കോങ്ങിലെ ഭക്ഷ്യസുരക്ഷാ വിഭാഗം നിരോധിച്ചത്. മദ്രാസ് എംഡിഎച്ച് ഉല്‍പ്പന്നങ്ങളായ കറി പൗഡര്‍, മിക്സഡ് മസാല പൊടി, സാംമ്പാര്‍ മസാല എന്നിവയിലും എവറസ്റ്റിലെ ഫിഷ് കറി മസാലയിലും കാന്‍സറിന് കാരണമാകുന്ന കീടനാശിനിയായ എഥിലീന്‍ ഓക്സൈഡ് കണ്ടെത്തിയതായി ഭക്ഷ്യസുരക്ഷാ കേന്ദ്രം അറിയിച്ചു.

ഉല്‍പ്പന്നങ്ങള്‍ കടകളില്‍ നിന്ന് നീക്കം ചെയ്യാനും കച്ചവടക്കാരോട് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഉടമകള്‍ക്കെതിരെ നടപടി സ്വീകരിക്കാനും സാധ്യതയുണ്ട്. സിംഗപ്പൂരിലെ ഫുഡ് ഏജന്‍സിയും എവറസ്റ്റിലെ ഫിഷ് കറി മസാലയ്ക്ക് നിരോധനമേര്‍പ്പെടുത്തി. കുറഞ്ഞ അളവിലുള്ള എഥിലീന്‍ ഓക്‌സൈഡില്‍ നിന്ന് ഉടനടി അപകടസാധ്യതയില്ലെന്ന് എസ്എഫ്എ വ്യക്തമാക്കിയെങ്കിലും, രാസവസ്തു മൂലം നീണ്ടുനില്‍ക്കുന്ന ഉപഭോഗം ആരോഗ്യത്തിന് അപകടമുണ്ടാക്കുമെന്നും അധികൃതര്‍ പറയുന്നു. അതേസമയം, വിഷയത്തില്‍ ബ്രാന്റുകള്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല.

സ്ഥിരമായി നടത്തുന്ന ഭക്ഷ്യ വസ്തു നിരീക്ഷണത്തിലാണ് നാല് ഉല്‍പ്പന്നങ്ങളുടെ സാമ്പിളുകള്‍ ശേഖരിച്ചതെന്നും ഇവയില്‍ മനുഷ്യ ശരീരത്തിന് അനുയോജ്യമല്ലാത്ത എഥിലീന്‍ ഓക്‌സൈഡിന്റെ സാന്നിധ്യം കണ്ടെത്തിയതെന്നും ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. കീടനാശിനി അവശിഷ്ടങ്ങള്‍ അടങ്ങിയ ഭക്ഷ്യവസ്തുക്കള്‍ സുരക്ഷിതമായ പരിധിക്കപ്പുറം വില്‍ക്കുന്നത് ഹോങ്കോങ്ങ് നിരോധിച്ചതാണ്. കീടനാശിനിയുടെ അവശിഷ്ടങ്ങള്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആരോഗ്യത്തിന് ഹാനികരമല്ലെങ്കില്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

Top