പഞ്ഞ കര്‍ക്കിടകത്തിന് തുടക്കം. ഭക്തിയുടെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും. രാമായണശീലുകള്‍ക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം രാമായണത്തിന്റെ ഈരടികള്‍ നിറഞ്ഞ പ്രഭാതങ്ങളാണിനി ഓരോ വീടുകളിലും. ഹൈന്ദവഗൃഹങ്ങളില്‍ ദിവസവും രാമായണം പാരായണം ചെയ്യും. കര്‍ക്കടകം ഒന്നിന് തുടങ്ങി മാസം അവസാനിക്കുമ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണം എന്നാണ് വിശ്വാസം. സ്ത്രീകള്‍ ദശപുഷ്പം ചൂടി, മുക്കുറ്റിയില ചാലിച്ച് നെറ്റിയില്‍ തൊടും. സൂര്യന്‍ കര്‍ക്കടക രാശിയിലൂടെ സഞ്ചരിക്കുന്ന സമയമാണ് കര്‍ക്കടക മാസം. കള്ളക്കര്‍ക്കടകം എന്നും പഞ്ഞകര്‍ക്കിടകം എന്നും കര്‍ക്കടകത്തിന് വിളിപ്പേരുകളുണ്ട്. കര്‍ക്കിടകം കഴിഞ്ഞാല്‍ ദുര്‍ഘടം കഴിഞ്ഞു എന്നൊരു ചൊല്ലും പഴമക്കാരുടേതായുണ്ട്.
അടുത്ത പതിനൊന്ന് മാസങ്ങളിലേക്കുള്ള ആരോഗ്യപരിചരണത്തിന് കര്‍ക്കടകത്തില്‍ തുടക്കമാകും. ആയുര്‍വേദ വിധിപ്രകാരം ഔഷധസേവയ്ക്കും ഉഴിച്ചിലിനും പിഴിച്ചിലിനും പറ്റിയ കാലം കൂടിയാണിത്. താളും തകരയും ഉള്‍പ്പെടെ ഇലക്കറികള്‍ കഴിച്ച് ഔഷധക്കഞ്ഞി കുടിച്ച് ആരോഗ്യസംരക്ഷണം. രോഗങ്ങളെ പ്രതിരോധിക്കാന്‍ മനസ്സിനും ശരീരത്തിനും പരിചരണം നല്‍കുന്ന കാലം. പൊതുവെ ക്ഷേത്രങ്ങളില്‍ വിവിധ പരിപാടികളോടെയാണ് രാമായണ മാസം ആചരിക്കുക. നാലമ്പലദര്‍ശനവും കര്‍ക്കടകമാസത്തിലെ മാത്രം പ്രത്യേകതയാണ്. പണ്ടൊക്കെ കര്‍ക്കിടകം എന്ന് പറഞ്ഞാല്‍ വിശപ്പിന്റെയും ദാരിദ്ര്യത്തിന്റെയും സമയമാണ്. പുതു മഴയില്‍ കിളിര്‍ക്കുന്ന ഇലകള്‍ ആയിരുന്നു അന്ന് മലയാളികളുടെ വിശപ്പ് അകറ്റിയിരുന്നത്. ഇന്നിപ്പോള്‍ വികസനത്തിന്റെയും വളര്‍ച്ചയുടെയും പാതയില്‍ എവിടെയോ താളും തകരയും മണ്‍ മറഞ്ഞു പോയി. ഇനിയുള്ള തലമുറയ്ക്ക് മുത്തശ്ശി കഥപോലെ കേട്ടിരിക്കാന്‍ മാത്രമായി പോവാതിരിക്കട്ടെ ഇവയൊക്കെയും.