വാഷിങ്ടൺ: ഇറക്കുമതിക്ക് ഇന്ത്യ കൂടുതൽ നികുതി ചുമത്തുന്നുണ്ടെന്ന് സ്ഥാനാർഥി ഡൊണാൾഡ് ട്രംപ്. ഉയർന്ന നികുതി ഏർപ്പെടുത്തി ഒരു പുഞ്ചിരിയോടെയാണ് ഇന്ത്യയത് നടപ്പാക്കുന്നത്. അധികാരത്തിലെത്തിയാൽ ഇതേ പാത തിരിച്ചും സ്വീകരിക്കുമെന്നും ഇറക്കുമതിചെയ്യുന്ന ഇന്ത്യൻ ഉത്പന്നങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞെന്ന് അദ്ദേഹം വ്യക്തമാക്കി.
അമേരിക്കയുടെ സാമ്പത്തിക പുരോഗതിയാണ് പദ്ധതിയുടെ ഉദ്ദേശ്യം. കുറഞ്ഞനികുതി എന്ന മികച്ച നയത്തിന് തുടക്കമിട്ടത് താനാണെന്ന് അവകാശപ്പെട്ട ട്രംപ് നികുതി ഈടാക്കാൻ അമേരിക്കയ്ക്ക് താത്പര്യമില്ലെന്നും പറഞ്ഞു. പക്ഷേ, ചൈന അമേരിക്കയ്ക്കുമേൽ 200 ശതമാനം നികുതി ചുമത്തുന്നു, ബ്രസീലും പിറകിലല്ല. എങ്കിലും ഏറ്റവും കൂടുതൽ നികുതി ചുമത്തുന്നത് ഇന്ത്യയാണെന്നായിരുന്നു കുറ്റപ്പെടുത്തൽ.