തിരുവനന്തപുരം; തിരുവമ്പാടി കെഎസ്ഇബി ഓഫീസ് ആക്രമിച്ചവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം. തിരുവമ്പാടി ഉള്ളാട്ടിൽ റസാഖും ഭാര്യയുമായി തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്.
ഇവര്‍ വീടിനകത്തും മെഴുകുതിരി കത്തിച്ചു. കെഎസ്ഇബി പകതീര്‍ക്കുകയാണെന്ന് റസാഖും ഭാര്യയും പറഞ്ഞു. മകൻ ചെയ്ത തെറ്റിന് വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചത് എന്തിനെന്നും ഇവര്‍ ചോദിക്കുന്നു. കെഎസ്ഇബി എംഡി ബിജു പ്രഭാകറിന്റെ ഉത്തരവിനെ തുടർന്നാണ് ഇവരുടെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിച്ചത്..
തിരുവമ്പാടി കെഎസ്ഇബി സെക്ഷൻ ഓഫിസിൽ അതിക്രമിച്ചുകയറി അസിസ്റ്റന്റ് എൻജിനിയറുൾപ്പെടെയുള്ള ജീവനക്കാരെ മർദിക്കുകയും ഓഫിസ് തകർക്കുകയും ചെയ്ത കേസിലെ പ്രതികളായ തിരുവമ്പാടി ഉള്ളാറ്റിൽ വീട്ടിൽ അജ്മൽ, കൂട്ടാളി ഷഹദാദ് എന്നിവരുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കാനാണ് കെഎസ്ഇബി എംഡി ബിജു പ്രഭാകർ ഉത്തരവിട്ടത്. ഇവർ കെഎസ്ഇബിക്ക് മൂന്നുലക്ഷം രൂപയോളം നഷ്ടമുണ്ടാക്കിയെന്നാണ് കേസ്.
രാവിലെ മീറ്റിങ് സമയത്ത് ഓഫിസിലേക്ക് അതിക്രമിച്ച് കയറിയ ഇരുവരും അസിസ്റ്റന്റ് എൻജിനിയറുടെ ദേഹത്ത് മലിനജലം ഒഴിക്കുകയും സ്ത്രീകളടക്കമുള്ള ജീവനക്കാരെ മർദിക്കുകയും ചെയ്തെന്ന് കെഎസ്ഇബി വാർത്താക്കുറിപ്പിൽ പറഞ്ഞു. പുറത്തിറങ്ങിയാൽ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ അക്രമികൾ കംപ്യൂട്ടറുകൾ ഉൾപ്പെടെയുള്ള ഓഫിസ് ഉപകരണങ്ങൾ തകർത്തു.
മർദനമേറ്റ അസിസ്റ്റന്റ് എൻജിനിയറും 4 ജീവനക്കാരും മുക്കം ആശുപത്രിയിൽ ചികിത്സയിലാണ്. അജ്മലിന്റെയും ഷഹദാദിന്റെയും പേരിൽ തിരുവമ്പാടി പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്.