ഷിര്‍പൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആര്‍ബിഐ

ഷിര്‍പൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കാനോ നിക്ഷേപിക്കാനോ കഴിയില്ല; കടുത്ത നടപടിയുമായി ആര്‍ബിഐ

ഡല്‍ഹി: റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതിയില്ലാതെ ഷിര്‍പൂര്‍ മര്‍ച്ചന്റ്‌സ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ഉപഭോക്താക്കള്‍ക്ക് അവരുടെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് പണം പിന്‍വലിക്കാന്‍ കഴിയില്ല. ആര്‍ബിഐ ചില നിയന്ത്രണങ്ങള്‍ക്ക് വിധേയമാക്കിയതിനാല്‍ ബാങ്കിന് പുതിയ നിക്ഷേപങ്ങള്‍ സ്വീകരിക്കാനോ ഉപഭോക്താക്കള്‍ക്ക് പണം വിതരണം ചെയ്യാനോ കഴിയില്ല.

നിലവില്‍ ഉപഭോക്താക്കളെ സേവിംഗ്‌സ് അക്കൗണ്ടുകളിലോ കറന്റ് അക്കൗണ്ടുകളിലോ മറ്റേതെങ്കിലും അക്കൗണ്ടുകളിലോ ഉള്ള മൊത്തം ബാലന്‍സില്‍നിന്ന് ഒരു തുകയും പിന്‍വലിക്കാന്‍ അനുവദിക്കില്ല, എന്നാല്‍ പറഞ്ഞിരിക്കുന്ന വ്യവസ്ഥകള്‍ക്ക് വിധേയമായി ഡെപ്പോസിറ്റുകളില്‍ നിന്ന് വായ്പ എടുക്കാന്‍ അനുവദിക്കും. യോഗ്യരായ നിക്ഷേപകര്‍ക്ക്, ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ആന്‍ഡ് ക്രെഡിറ്റ് ഗ്യാരണ്ടി കോര്‍പ്പറേഷനില്‍ നിന്ന്, നിക്ഷേപങ്ങളുടെ പണ പരിധിയായ 5,00,000 രൂപ വരെയുള്ള നിക്ഷേപ ഇന്‍ഷുറന്‍സ് ക്ലെയിം തുക സ്വീകരിക്കാന്‍ അര്‍ഹതയുണ്ട്. ഒരു സഹകരണ ബാങ്കിന് ആര്‍ബിഐ ഇത്തരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നത് ഇത് ആദ്യ സംഭവമല്ല. 2021-ല്‍ അഴിമതി ബാധിതമായ പഞ്ചാബ് ആന്‍ഡ് മഹാരാഷ്ട്ര ബാങ്കിന് ആര്‍ബിഐ ഇത്തരത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. 2022 ജനുവരിയില്‍, പിഎംസി ബാങ്കിനെ യൂണിറ്റി സ്‌മോള്‍ ഫിനാന്‍സ് ബാങ്കില്‍ ലയിപ്പിക്കുന്നതിന് കേന്ദ്രം അംഗീകാരം നല്‍കി.

2024 ഏപ്രില്‍ 8 മുതല്‍ ഈ നിര്‍ദേശം ആര്‍ബിഐ പ്രാബല്യത്തില്‍ വരുത്തിയിട്ടുണ്ട്. അതേസമയം ആര്‍ബിഐയുടെ ഈ നടപടി ബാങ്കിംഗ് ലൈസന്‍സ് റദ്ദാക്കലല്ല, പകരം, ബാങ്കിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതുവരെ നിയന്ത്രണങ്ങളോടെ ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ ആര്‍ബിഐ ഏറ്റെടുത്തതാണെന്ന് ഇത് സംബന്ധിച്ച് ആര്‍ബിഐ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. സാഹചര്യങ്ങള്‍ക്കനുസരിച്ച് റിസര്‍വ് ബാങ്ക് ഈ നിര്‍ദ്ദേശങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണിക്കും എന്നാണ് സൂചന.

Top