CMDRF

നാട്ടില്‍ കിട്ടാനില്ല, ബീഫ് മുഴുവന്‍ വിദേശത്തേക്ക്; വിലയും കൂടി

നാട്ടില്‍ കിട്ടാനില്ല, ബീഫ് മുഴുവന്‍ വിദേശത്തേക്ക്; വിലയും കൂടി
നാട്ടില്‍ കിട്ടാനില്ല, ബീഫ് മുഴുവന്‍ വിദേശത്തേക്ക്; വിലയും കൂടി

സുല്‍ത്താന്‍ബത്തേരി: കേരളത്തില്‍ ബീഫിന് ക്ഷാമമേറി. ഡിമാന്‍ഡ് കൂടിയതോടെ വിലയിലും വര്‍ദ്ധനവാണുള്ളത്. ഈസ്റ്ററിനും പെരുന്നാളിനും ഒഴിച്ചു കൂടാനാകാത്ത പോത്തിറച്ചി കിട്ടാതെയായി. ഹോട്ടലുകാര്‍, കേറ്ററിങ് സര്‍വീസുകാര്‍, വിവാഹ പരിപാടികളിലൊന്നും തന്നെ പോത്തിറച്ചി ഇല്ല. വിദേശത്തേക്കുള്ള മാംസത്തിന്റെ കയറ്റുമതി വര്‍ധിച്ചതോടെയാണ് നാട്ടില്‍ ക്ഷാമം വര്‍ധിച്ചിരിക്കുന്നത്. കര്‍ണാടക, ആന്ധ്ര സംസ്ഥാനങ്ങളിലെ ചന്തകളില്‍ നിന്നാണു കേരളത്തിലേക്കു പ്രധാനമായും പോത്ത്, എരുമ എന്നിവ ഇറക്കുമതി നടത്തുന്നത്. എന്നാല്‍ ഇപ്പോള്‍ മാംസ കയറ്റുമതിക്കാര്‍ ചന്തകളില്‍ നിന്നു കൂടുതല്‍ വില നല്‍കി ഉരുക്കളെ മൊത്തമായി വാങ്ങുന്നെന്നാണ് ചെറുകിട വ്യാപാരികളുടെ പരാതി.

ദിവസവും ആയിരക്കണക്കിന് ഉരുക്കളാണു വന്‍കിടക്കാരുടെ അറവു കേന്ദ്രങ്ങളിലെത്തുന്നത്. കിലോയ്ക്കു 350 രൂപയില്‍ താഴെയാണു ഗ്രാമങ്ങളിലെ പോത്തിറച്ചിയുടെ വില. ഈ വിലയ്ക്കു വ്യാപാരം നടത്താനാവില്ലെന്ന് ചെറുകിട വ്യാപാരികള്‍ പറയുന്നു. ഗ്രാമപ്രദേശങ്ങളില്‍ ദിവസവും പത്തും പതിനഞ്ചും ഉരുക്കളെ കശാപ്പു നടത്തി ഇറച്ചി വ്യാപാരം നടത്തിയിരുന്നു. പോത്തിനു പകരം കാളയിറച്ചിയാണിപ്പോള്‍ പലയിടത്തും വില്‍ക്കുന്നത്.

വയനാട് ജില്ലയില്‍ പോത്തു കൃഷിയുണ്ടെങ്കിലും ആവശ്യത്തിന് ഉരുക്കളെ കിട്ടാനില്ല. ഗോത്രമേഖലകളില്‍ സര്‍ക്കാര്‍ സഹായത്തോടെ പോത്തുകൃഷിയുണ്ട്. കാലി വരവ് കുറഞ്ഞതോടെ ബീഫ് സ്റ്റാളുകളില്‍ പലതും അടഞ്ഞുതുടങ്ങി. പ്രാദേശികമായി ഉരുക്കളെ വാങ്ങുമ്പോഴും ഉയര്‍ന്ന വില നല്‍കേണ്ട അവസ്ഥയാണ്. കോഴിയിറച്ചിക്കും സംസ്ഥാനത്ത് വില വര്‍ധിച്ചതോടെ വലഞ്ഞിരിക്കുകയാണ് ജനങ്ങള്‍.

Top