കൊച്ചി: എറണാകുളത്ത് കഴിഞ്ഞ ദിവസം ഉത്തരേന്ത്യന്‍ മയക്കുമരുന്ന് ലോബിയില്‍ നിന്നും പിടിച്ചെടുത്തത് മാരക മയക്കുമരുന്നെന്ന് എക്‌സൈസ്. ‘ഓറഞ്ച് ലൈന്‍’ വിഭാഗത്തില്‍പ്പെടുന്ന അത്യന്തം വിനാശകാരിയായ 33 ഗ്രാം മുന്തിയ ഇനം ഹെറോയിനും 25 ഗ്രാം കഞ്ചാവുമായാണ് കഴിഞ്ഞ ദിവസം അസം സ്വദേശിയും ബംഗാളി യുവതിയും എക്‌സൈസ് പിടിയിലാകുന്നത്. അസം നൗഗോണ്‍ സ്വദേശി ബഹറുള്‍ ഇസ്ലാം, വെസ്റ്റ് ബംഗാള്‍, നോവപാറ മാധവ്പൂര്‍ സ്വദേശിനി ടാനിയ പര്‍വീന്‍ എന്നിവരാണ് സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്, എക്സൈസ് ഇന്റലിജന്‍സ്, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് എന്നിവരുടെ സംയുക്ത നീക്കത്തില്‍ അറസ്റ്റിലായത്. ഉത്തരേന്ത്യയില്‍ നിന്ന് വന്‍ തോതില്‍ മയക്കുമരുന്ന് എത്തിച്ച് നല്‍കുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് പിടിയിലായ ടാനിയ. 200 ചെറിയ കുപ്പികളിലാക്കി വില്‍പ്പനക്കായി തയ്യാറാക്കി വച്ച നിലയില്‍ ആയിരുന്നു ഹെറോയിന്‍. കൂടാതെ 6.5 ഗ്രാം വീതം ഹെറോയില്‍ അടങ്ങിയ രണ്ട് പ്ലാസ്റ്റിക്ക് ബോക്‌സുകളും, ഹെറോയിന്‍ നിറയ്ക്കുന്നതിന് വേണ്ടി സൂക്ഷിച്ചിരുന്ന 550 ചെറിയ കാലി കുപ്പികളും ഇവരുടെ പക്കല്‍ ഉണ്ടായിരുന്നു. മയക്കുമരുന്ന് ഇടപാട് നടത്തുവാന്‍ ഉപയോഗിച്ച രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, മയക്കുമരുന്ന് വില്‍പ്പന ചെയ്ത് കിട്ടിയ 19500 രൂപ, ഡിജിറ്റല്‍ സ്‌കെയില്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
കൊച്ചിയില്‍ അതീവ രഹസ്യമായി നടത്തപ്പെടുന്ന റേവ് പാര്‍ട്ടികളും മറ്റും സംഘടിപ്പിക്കുന്ന ഇടനിലക്കാരുടെ ആവശ്യപ്രകാരമാണ് ടാനിയ കേരളത്തിലേക്ക് മയക്കുമരുന്ന് എത്തിച്ചിരുന്നത്. ഉപഭോക്താക്കളുടെ ഇടയില്‍ ‘ബംഗാളി ബീവി’ എന്നറിയപ്പെടുന്ന ടാനിയ പര്‍വ്വീന്‍ ഹെറോയിന്‍ അടങ്ങിയ പ്ലാസ്റ്റിക് ബോക്‌സുകള്‍ ശരീരത്തില്‍ സെലോടേപ്പ് ഉപയോഗിച്ച് കെട്ടി വച്ചാണ് ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് കടത്തിയിരുന്നത്. ഇരുവരും ചേര്‍ന്ന് ഇവിടെ എത്തിക്കുന്ന മയക്കുമരുന്ന് ചെറിയ കുപ്പികളില്‍ നിറക്കുന്നത് കബൂത്തര്‍ സേട്ട് എന്ന ബഹറുള്‍ ഇസ്ലാം ആണ്. ഇങ്ങനെ കുപ്പികളില്‍ നിറച്ച മയക്കുമരുന്ന് ഓര്‍ഡര്‍ അനുസരിച്ച് ഇടനിലക്കാരുടെ പക്കലേക്ക് എത്തിക്കുന്നതും ടാനിയ പര്‍വീന്‍ തന്നെ.
രണ്ട് മാസം മുന്‍പ് ഒരു കേസില്‍ പിടിയിലായ ആളില്‍ നിന്ന് ലഭിച്ച വിവരപ്രകാരം ഇവര്‍ ഇരുവരും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘം ഇവരുടെ താമസസ്ഥലം വളയവേ, ബഹറുള്‍ ഇസ്ലാം ഉദ്യോഗസ്ഥരെ വെട്ടിച്ച് വീടിന്റെ പിന്‍വാതില്‍ വഴി ഓടാന്‍ ശ്രമിച്ചെങ്കിലും പിടികൂടി.
പിടിയിലായ സമയം ലഹരിയിലായിരുന്ന ടാനിയ പര്‍വീന്‍ അലറി വിളിച്ചത് കണ്ടു നിന്ന നാട്ടുകാരില്‍ ഭീതി പടര്‍ത്തി. അന്താരാഷ്ട്ര അതിര്‍ത്തിയോട് ചേര്‍ന്ന് കിടക്കുന്ന അസ്സാമിലെ കരീംഗഞ്ചില്‍ നിന്നാണ് ഇവര്‍ വന്‍തോതില്‍ മയക്ക് മരുന്ന് കേരളത്തിലേക്ക് എത്തിക്കുന്നതെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ഇടപാടുകാരെക്കുറിച്ചു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ടെന്നും വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകുമെന്നും സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍ അറിയിച്ചു. എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ കെ.പി. പ്രമോദ്, സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഇന്റലിജന്‍സ് പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസ്സി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ്. രാജീവ്, പ്രിവന്റീവ് ഓഫീസര്‍മാരായ സി.പി. ജിനേഷ് കുമാര്‍, ടി.ടി ശ്രീകുമാര്‍, സജോ വര്‍ഗ്ഗീസ്, വനിതാ സി.ഇ.ഒ സരിതാ റാണി എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് പ്രതികളെ കസ്റ്റഡിയില്‍ എടുത്തത്.