കൊല്ലം: ഇരവിപുരത്തുണ്ടായ വാഹനാപകടത്തിൽ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കൊല്ലം പള്ളിത്തോട്ടം സ്വദേശികളായ മനീഷ്, പ്രവീണ്‍ എന്നിവരാണ് മരിച്ചത്. ഇരവിപുരം കാക്കത്തോപ്പില്‍ ക്ലാവര്‍ മുക്കിലാണ് കഴിഞ്ഞ ദിവസം രാത്രി 11:30 ന് അപകടം ഉണ്ടായത്.
അപകടത്തിൽ പെട്ട വാഹനം രണ്ട് ദിവസം മുന്‍പ് വാങ്ങിയതാണ്. ഈ വാഹനത്തില്‍ ഇരുവരും ഇരവിപുരം ചാനക്കഴികത്ത് പോയി മടങ്ങി വരുമ്പോഴാണ് അപകടം. സംഭവസ്ഥലത്ത് വെച്ച് തന്നെ രണ്ടുപേരും മരണപ്പെട്ടു.
Also Read: നവീൻ ബാബുവിന്റെ മരണം; കണ്ണൂർ കളക്ടറുടെ മൊഴിയെടുക്കുന്നു
മറ്റൊരു വാഹനത്തിൽ ഇവരുടെ വാഹനം ഇടിച്ചാണ് അപകടമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. സംഭവ സ്ഥലത്ത് നിന്നും മൂന്നു ജോഡി ചെരുപ്പും, മറ്റൊരു വാഹനത്തിന്‍റേത് എന്ന് സംശയിക്കുന്ന ഒരു ഫൂട്ട് റെസ്റ്റും കണ്ടെത്തിയിട്ടുണ്ട്. മൃതദേഹങ്ങള്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.