പത്തനംതിട്ട: പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ രണ്ട് മരണം. ഇഞ്ചപ്പാറയില്‍ കാര്‍ ക്രാഷ് ബാരിയറിലേക്ക് ഇടിച്ച് കയറി കാര്‍ യാത്രികരായ അമ്മയും മകനും മരിച്ചു. മകനെ എയര്‍പോട്ടില്‍ യാത്രയാക്കി മടങ്ങവെയാണ് ദാരുണ സംഭവമുണ്ടായത്. മാര്‍ത്താണ്ഡം സ്വദേശികളായ വാസന്തി, ബിപിന്‍ എന്നിവരാണ് മരിച്ചത്.
പുനലൂര്‍ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം സംഭവിച്ചത്. റോഡിന്റെ വലത് വശത്തേക്ക് നിയന്ത്രണം വിട്ട് പോയ കാര്‍ ക്രാഷ് ബാരിയറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ക്രാഷ് ബാരിയര്‍ ഒടിഞ്ഞ് ഒരു ഭാഗം കാറിനുള്ളിലേക്ക് തുളഞ്ഞ് കയറി. ബിപിന്‍, അമ്മ വാസന്തി എന്നിവര്‍ തല്‍ക്ഷണം മരിച്ചു. ഗുരുതര പരിക്കേറ്റ വാസന്തിയുടെ ഭര്‍ത്താവ് സുരേഷ്, കാര്‍ ഡ്രൈവര്‍ സിബിന്‍ എന്നിവരെ കോന്നിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാര്‍ ഡ്രൈവര്‍ സിബിനായിരുന്നുവെങ്കിലും അപകട സമയം കാര്‍ ഓടിച്ചിരുന്നത് ബിപിനായിരുന്നു.