കണ്ണൂര്‍: കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ കാത്ത് ലാബ് പ്രവര്‍ത്തനം നിലച്ചതോടെ ഹൃദയ ശസ്ത്രക്രിയ മുടങ്ങി. ശസ്ത്രക്രിയാ തിയേറ്ററുകള്‍ അടച്ചിട്ടിരിക്കുന്നതിനാല്‍ ആറുമാസമായി ബൈപ്പാസ് സര്‍ജറിയും മുടങ്ങിക്കിടക്കുകയാണ്. 300 രോഗികളാണ് ബൈപ്പാസ് സര്‍ജറിക്കായി കാത്തിരിക്കുന്നത്. എന്നാല്‍ അറ്റകുറ്റപ്പണി കാരണമാണ് ശസ്ത്രക്രിയ മുടങ്ങിയതെന്നാണ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. താല്‍ക്കാലികമായ പ്രശ്‌നം മാത്രമാണ് നിലവിലുള്ളതെന്ന് ആശുപത്രി സൂപ്രണ്ട് വ്യക്തമാക്കുന്നു.
അടിയന്തരമായി പ്രശ്‌നപരിഹാരത്തിനുള്ള ഇടപെടല്‍ നടത്തുന്നുണ്ട്. അറ്റകുറ്റപ്പണി നടത്താതെ ശസ്ത്രക്രിയ നടത്തിയാല്‍ രോഗികളുടെ ആരോഗ്യത്തെ ബാധിക്കും. അതിനാലാണ് താല്‍ക്കാലികമായി കാത്ത് ലാബ് പ്രവര്‍ത്തനം നിര്‍ത്തേണ്ടിവന്നതെന്നും ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണത്തില്‍ പറയുന്നു.