CMDRF

ജാഗ്രത പാലിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണം : മമ്മൂട്ടിയും മോഹന്‍ലാലും

ജാഗ്രത പാലിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണം : മമ്മൂട്ടിയും മോഹന്‍ലാലും
ജാഗ്രത പാലിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണം : മമ്മൂട്ടിയും മോഹന്‍ലാലും

കല്പറ്റ: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ നഷ്ടമായത് നിരവധി ജീവനുകളാണ്. സുരക്ഷയും ജാഗ്രതയും പാലിക്കാനും തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കാതിരിക്കാനും ശ്രദ്ധ വേണമെന്ന് അറിയിച്ചിരിക്കുകയാണ് മലയാളത്തിലെ പ്രമുഖ നടന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും.

‘കനത്ത മഴയും പ്രകൃതിക്ഷോഭവും തുടരുന്ന സാഹചര്യത്തില്‍ സുരക്ഷയും ജാഗ്രതയും പാലിക്കാന്‍ ശ്രമിക്കുക. സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കുകയും യാത്രകള്‍ പരമാവധി ഒഴിവാക്കുകയും ചെയ്യുക. തെറ്റായ വാര്‍ത്തകള്‍ അറിയാതെ പോലും പ്രചരിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വയനാട്ടിലെ പ്രിയ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥനയോടെ…’എന്നാണ് മമ്മൂട്ടിയും മോഹന്‍ലാലും പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമേ പൃഥ്വിരാജ്, ഉണ്ണിമുകുന്ദന്‍, ആന്റണി വര്‍ഗീസ് തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ ജാഗ്രത നിര്‍ദേശങ്ങള്‍ അറിയിച്ചു കൊണ്ട് പോസ്റ്റുകളും മരണപ്പെട്ടവര്‍ക്ക് അനുശോചനവും അറിയിച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശത്ത് ഉരുള്‍പൊട്ടിയത്. മരണ സംഖ്യ 93 കടന്നെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. നിരവധി പേര്‍ മണ്ണിനടിയില്‍പ്പെട്ടിട്ടുണ്ട്. ജനവാസ മേഖലയിലാണ് ഉരുള്‍പൊട്ടലുണ്ടായത്. നിരവധി വീടുകള്‍ ഒലിച്ചുപോയിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും ഉരുള്‍പൊട്ടല്‍ ഇനിയും ഉണ്ടായേക്കാം എന്ന ആശങ്കയും പ്രദേശത്ത് നിലനില്‍ക്കുന്നുണ്ട്.

Top