തൃശൂര്‍: തിരുവനന്തപുരത്തേക്ക് പോയിരുന്ന ലോറിയും കോഴിക്കോട് ഭാഗത്തേക്ക് പോയിരുന്ന ലോറിയും കൂട്ടിയിടിച്ച് അപകടം. ദേശീയപാത 66 ൽ നടന്ന അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക്. ഇന്ന് പുലർച്ചെ നാലേ മുക്കാലോടെ മതിലകം പൊലീസ് സ്‌റ്റേഷന് തെക്ക് ഭാഗത്ത് ആയിരുന്നു അപകടം.
ആദ്യ ലോറിയുടെ ഡ്രൈവർ മഹാരാഷ്ട്ര സ്വദേശി ജനാർദ്ദനൻ (41), രണ്ടാമത്തെ ലോറിയിലുണ്ടായിരുന്ന അഷറഫ് (43), ശരൺ(22) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ മിറക്കിൾ, ആക്ട്‌സ് ആംബുലൻസ് പ്രവർത്തകർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. രണ്ട് ലോറികളുടെയും മുൻ ഭാഗം തകർന്നിട്ടുണ്ട്.എതിർ ദിശയിൽ നിന്ന് എത്തിയ ലോറികൾ മുഖാമുഖം കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മതിലകം പൊലീസ് സ്ഥലത്തെത്തിയിരുന്നു.