കൊച്ചി: നടി അമലാ പോളിനും എറണാകുളം സെന്റ് ആൽബെർട്‌സ് കോളജിലെ വൈദികർക്കുമെതിരെ രൂക്ഷവിമർശനവും ആക്ഷേപവുമായി തീവ്ര വലതുപക്ഷ ക്രിസ്ത്യൻ സംഘടനയായ കാസ. എത്ര വലിയ നടിയായാലും പരിപാടിക്ക് ക്ഷണിച്ചത് ക്രിസ്ത്യൻ മാനേജ്‌മന്റ് കോളേജിലേക്കായിരുന്നു അല്ലാതെ മുംബൈയിലെ ഡാൻസ് ബാറിന്റെ ഉദ്‌ഘാടനത്തിനായിരുന്നില്ലെന്നും മാദക വേഷത്തിലെത്തിയ നടിക്കൊപ്പം വേദി പങ്കിടാതെ വൈദികർ എഴുന്നേറ്റ് പോകണമായിരുന്നുവെന്നും കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
വിശുദ്ധന്റെ നാമധേയത്തിലുള്ള ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജാണിതെന്ന് ഓർമവേണം. നടിക്കൊപ്പം പരിപാടിയിൽ സഹകരിക്കാൻ ബുദ്ധിമുട്ടെണ്ടന്ന് പറയാൻ വൈദികർ തയാറാകണമായിരുന്നു. ക്രിസ്ത്യൻ സഭകളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രോഗ്രാമുകൾ എല്ലാ രീതിയിലും ക്രൈസ്തവ സംസ്‌കാരത്തിനു ചേർന്നത് മാത്രമാകണം. ഇനി അതല്ല എത്ര തരംതാണിട്ടായാലും സ്ഥാപനങ്ങൾ നടത്തുക മാത്രമാണ് ലക്ഷ്യമെങ്കിൽ അടുത്ത കോളേജ് ഡേയ്ക്ക് സണ്ണി ലിയോണിനെയോ മിയാ ഖലീഫയോ മുഖ്യാതിഥി ആക്കണം. ജെയിംസ് പനവേലിമാരുടെ നാഗ നൃത്തത്തിനും മറ്റു ചില അച്ചന്മാരുടെ ഡപ്പാൻ കുത്ത് ഡാൻസുകൾക്കും കുറച്ച് അടിമകൾ കൈയടിക്കുന്നുണ്ടെന്ന് കരുതി ക്രിസ്ത്യൻ മാനേജ്‌മെന്റ് കോളേജിലേക്ക് കുട്ടികളെ അയച്ച മാതാപിതാക്കൾ പ്രതീക്ഷിക്കുന്നത് ഇതല്ലെന്നും കാസ പറയുന്നു.