ചെന്നൈ: ജീവപര്യന്തം തടവുകാരനെ വനിതാ ഡി.ഐ.ജി.യുടെ വീട്ടുജോലി ചെയ്യിപ്പിച്ചതിന് 14 പോലീസുകാരുടെ പേരിൽ കേസെടുത്തു.
വെല്ലൂർ റേഞ്ച് ജയിൽ ഡി.ഐ.ജി. ആർ. രാജലക്ഷ്മിയുടെ വീട്ടിൽ തടവുകാരനായ എസ്. ശിവകുമാറിനെ ജോലി ചെയ്യിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തെന്നാണ് കേസ്. രാജലക്ഷ്മി, പേഴ്സണൽ സെക്യൂരിറ്റി ഓഫീസർ രാജു, വെല്ലൂർ ജയിൽ അഡീഷണൽ സൂപ്രണ്ട് അബ്ദുൾ റഹ്‌മാൻ, ജയിലർ അരുൾ കുമരൻ, രണ്ട് വനിതകളടക്കം പത്ത് കോൺസ്റ്റബിൾമാർ എന്നിവരുടെ പേരിലാണ് കേസെടുത്തത്.
മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെത്തുടർന്നാണ് നടപടി. ശിവകുമാറിന്റെ അമ്മ കലാവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച ജസ്റ്റിസ് എസ്.എം. സുബ്രഹ്‌മണ്യം, ജസ്റ്റിസ് വി. ശിവജ്ഞാനം എന്നിവരടങ്ങിയ ബെഞ്ച് ഇതേക്കുറിച്ചന്വേഷിക്കാൻ വെല്ലൂർ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റിനെ ചുമതലപ്പെടുത്തി.മജിസ്ട്രേട്ടിന്റെ റിപ്പോർട്ടിനെത്തുടർന്നാണ് കേസെടുക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്.