വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്
വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്

കൊല്ലം: വിദ്യാര്‍ത്ഥി യുവജന സംഘടനാ നേതാവ് സാമൂഹിക മാധ്യമത്തിലുടെ പാര്‍ട്ടിയിലെ വനിതാനേതാക്കളുടെയും വനിതാപ്രവര്‍ത്തകരുടെയും മോര്‍ഫ് ചെയ്ത അശ്ലീലചിത്രങ്ങള്‍ പ്രചരിപ്പിച്ചതായി പരാതി. അപമാനത്തിനിരയായ സി പി ഐ എം വനിതാനേതാവ് ഉള്‍പ്പെടെ മൂന്നുപേരാണ് സൈബര്‍ക്രൈം പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ ജില്ലാ ഭാരവാഹിയും ഡി വൈ എഫ് ഐ കുന്നിക്കോട് ഏരിയ ഭാരവാഹിയുമായിരുന്ന വിളക്കുടി കുളപ്പുറം സ്വദേശി അന്‍വര്‍ഷായുടെപേരില്‍ കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് കേസെടുത്തു.

മുതിര്‍ന്ന വനിതാനേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരായ പെണ്‍കുട്ടികളുടെയും ചിത്രങ്ങള്‍ അശ്ലീലച്ചുവയുള്ള തലക്കെട്ടോടെയും അടിക്കുറിപ്പോടെയും നവമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നെന്നാണ് പരാതി. സി പി ഐ എം നേതാക്കള്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചെങ്കിലും സംഭവം പുറത്തറിഞ്ഞതോടെ അന്‍വര്‍ഷായെ ഭാരവാഹിത്വത്തില്‍നിന്ന് ഒഴിവാക്കുകയും പാര്‍ട്ടിയില്‍നിന്നു പുറത്താക്കുകയും ചെയ്തിരുന്നു. സംഭവം വിവാദമായതോടെ നേതാക്കള്‍ ഇരയായവരെ അനുനയിപ്പിക്കാനും യുവനേതാവിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കി സംഭവം ഒതുക്കാനും ശ്രമിച്ചെന്നാണ് ആക്ഷേപം.

എന്നാല്‍ അപമാനത്തിനിരയായ സി പി ഐ വനിതാനേതാവ് ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി മുന്നോട്ടുപോകുകയായിരുന്നു. വനിതാനേതാവിന്റെ ചിത്രം അശ്ലീലഗ്രൂപ്പില്‍ വന്നതോടെ സുഹൃത്ത് ഇവരെ വിവരം അറിയിച്ചു. മറ്റ് നേതാക്കളുടെ ചിത്രങ്ങളും വിവരങ്ങളും സ്‌ക്രീന്‍ഷോട്ടെടുത്ത് സി പി ഐ എം ജില്ലാ കമ്മിറ്റിക്ക് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് യുവനേതാവിനെ ‘പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം’ ആരോപിച്ച് പുറത്താക്കിയത്. പരാതിയിന്മേല്‍ കേസെടുത്ത് അന്വേഷണം നടക്കുന്നതായും ഐ ടി ആക്ട് അനുസരിച്ച് ആവശ്യമായ തെളിവുകള്‍ ശേഖരിച്ചുവരികയാണെന്നും കൊല്ലം റൂറല്‍ സൈബര്‍ക്രൈം പൊലീസ് സി ഐ രതീഷ് അറിയിച്ചു.

Top