സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്സ്ആപ്പ് സന്ദേശം; മുന്‍ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി

സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്സ്ആപ്പ് സന്ദേശം; മുന്‍ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി
സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്സ്ആപ്പ് സന്ദേശം; മുന്‍ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെക്കുറിച്ച് തെറ്റായ വാട്സ്ആപ്പ് സന്ദേശം പങ്കുവച്ച മുന്‍ ഡി.ജി.പിക്കെതിരായ കേസ് റദ്ദാക്കി മദ്രാസ് ഹൈകോടതി. എ.ഐ.എ.ഡി.എം.കെ മുന്‍ എം.എല്‍.എ കൂടിയായ ആര്‍. നടരാജിനെതിരായുള്ള കേസാണ് കോടതി റദ്ദാക്കിയത്. ജൂലൈ 30ന് പുറപ്പെടുവിച്ച ഉത്തരവില്‍ നടരാജ് തന്റെ പെരുമാറ്റത്തില്‍ ഖേദം പ്രകടിപ്പിച്ചതിനാല്‍ നടപടികള്‍ റദ്ദാക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ജസ്റ്റിസ് ജി. ജയചന്ദ്രന്‍ പറഞ്ഞു.

ഇത്തരമൊരു സന്ദേശം ശരിയാണോ എന്ന് പരിശോധിക്കാതെ പങ്കുവച്ചതില്‍ ക്ഷമ ചോദിച്ച് നടരാജ് കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. സന്ദേശം അയച്ച വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സത്യവാങ്മൂലം പങ്കുവക്കുകയും ചെയ്തു. നടരാജ് തന്റെ പെരുമാറ്റത്തില്‍ സത്യസന്ധമായി ഖേദിക്കുന്നുവെങ്കില്‍, സത്യവാങ്മൂലത്തിന്റെ പകര്‍പ്പ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചാല്‍ സംസ്ഥാനം അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ പി. എസ്. രാമന്‍ കോടതിയെ അറിയിച്ചു. കോടതി ഈ വാദങ്ങള്‍ രേഖപ്പെടുത്തുകയും അദ്ദേഹത്തിനെതിരായ നടപടികള്‍ റദ്ദാക്കുകയും ചെയ്തു.

ഭരണകക്ഷിയായ ഡി.എം.കെയെക്കുറിച്ചും മുഖ്യമന്ത്രി സ്റ്റാലിനെക്കുറിച്ചും വ്യാജവാര്‍ത്ത പ്രചരിപ്പിച്ചതിന് നടരാജിനെതിരെ 2023 നവംബറിലാണ് പൊലീസ് കേസെടുത്തത്. ഡി.എം.കെയുടെ അഭിഭാഷക വിഭാഗത്തിലെ അംഗമായ ഷീലയാണ് പരാതി നല്‍കിയത്. ഡി.എം.കെക്ക് ഹിന്ദുവോട്ടുകള്‍ വേണ്ടെന്ന തരത്തില്‍ എം.കെ. സ്റ്റാലിന്‍ നടത്തിയതായി പറയപ്പെടുന്ന പ്രസ്താവനയെക്കുറിച്ച് നടരാജ് 73 അംഗങ്ങള്‍ അടങ്ങുന്ന ഒരു വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ സന്ദേശം അയച്ചതായായി പരാതിയില്‍ ആരോപിക്കുന്നുണ്ട്.

Top